തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധം; പൂരത്തിന് മറ്റ് ആനകളെ വിട്ട് നല്‍കില്ലെന്ന് ആന ഉടമകള്‍

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാത്തതിൽ പ്രതിഷേധിച്ച് കടുത്ത നടപടിയുമായി ആന ഉടമ ഫെഡറേഷൻ. തൃശൂർ പൂരമടക്കമുള്ള ഉത്സവങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ആനകളെ പിൻവലിക്കാൻ ഫെഡറേഷൻ തീരുമാനിച്ചു. വിലക്ക് നീക്കാൻ നടപടിയെടുക്കുമെന്ന മുൻ തീരുമാനത്തിൽ നിന്നും സർക്കാർ ഏകപക്ഷീയമായി പിന്മാറിയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ആന ഉടമകളുമായി ദേവസ്വം മന്ത്രി നാളെ ചർച്ച നടത്തും.

കേരളത്തിൽ ഏറ്റവും ജനപ്രിയനായ ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളിൽ നിന്നും ചീഫ് വൈൽഡ് ലൈഫ് ഓഫീസർ വിലക്കുകയായിരുന്നു. തുടർന്ന് തൃശൂർ പൂരം അടുത്ത് നിൽക്കെ രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ തലത്തിൽ നടത്തിയ ചർച്ചയിൽ ആനഉടമകൾക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ യോഗ തീരുമാനത്തിന് വിരുദ്ധമായി രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു ഫേസ് ബുക് പോസ്റ്റിലൂടെ അറിയിച്ചതാണ് പ്രകോപനമായത്. വനം മന്ത്രിയുടെ നീക്കത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ആനകളെ എല്ലാ പരിപാടികളിൽ നിന്നും പിൻവലിക്കുകയാണെന്നും ആന ഉടമ ഫെഡറേഷൻ തീരുമാനിച്ചു.

ഇതോടെ നൂറിലധികം ആനകൾ അണിനിരക്കുന്ന തൃശൂർ പൂരം നടത്തിപ്പ് തന്നെ ആശങ്കയിലായിരിക്കുകയാണ്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ആനയുടമകളുമായി നാളെ സമവായ ചർച്ച നടത്തുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.

അതേസമയം ഗുരുവായൂർ ദേവസ്വത്തിന്റെ 20 ആനകൾ എഴുന്നള്ളിപ്പിന് തയ്യാറാണെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ദേവസ്വം അറിയിച്ചു. എങ്കിലും നൂറിലധികം ആനകൾ അണിനിരക്കുന്ന തൃശൂർ പൂരം ഫെഡറേഷന്റെ സഹകരണില്ലാതെ പ്രൌഢിയോടെ നടത്താനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *