രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി. ലണ്ടനിലെ ബാകോപ്സ് കമ്പനിയുടെ പങ്കാളിക്ക് പ്രതിരോധ ഇടപാട് കരാര്‍ ലഭിക്കാന്‍ രാഹുൽ ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം.

ബാകോപ്സ് കമ്പനി രേഖകള്‍ പ്രകാരം രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ ആണെന്നായിരുന്നു ബിജെപിയുടെ ആദ്യ ആരോപണം. സുബ്രഹ്മണ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി പ്രതിരോധ ഇടനിലക്കാരന് ആണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. 2002 ല്‍ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം രാഹുല്‍ ബാകോപ്സ് എന്ന പേരില്‍ ഇന്ത്യയില്‍ കമ്പനി രൂപീകരിച്ചിരുന്നു.

2003 ല്‍ ലണ്ടനിലും ഇതേ പേരില്‍ രാഹുല്‍ കമ്പനി രൂപീകരിച്ചു. 2009 വരെ കമ്പനി പ്രവര്‍ത്തിയ്ക്കുകയും ചെയ്തു. അന്ന് രാഹുലിന്‍റെ പങ്കാളിയായിരുന്ന ഉള്‍റിക് മിക്നൈറ്റ് സ്ഥാപിച്ച മറ്റൊരു കമ്പനിക്ക് സ്കോർപിയോൺ മുങ്ങിക്കപ്പല്‍ ഇടപാടിലെ ഓഫ്സെറ്റ് കരാര്‍ ലഭിച്ചു. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ് ലി ആരോപിച്ചു. ഇതേ രാഹുലാണ്, റഫാല്‍ ഇടപാടിലെ ഓഫ് സെറ്റ് കരാറിന്‍റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണം ഉന്നയിച്ചാല്‍ പോര തെളിയിക്കണം എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലിന്‍റെ പ്രതികരണം. 5 വര്‍ഷം അധികാരത്തിലിരുന്നിട്ടും എന്ത് കൊണ്ട് ഇത് അന്വേഷിച്ചില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *