വേതനം 20% വർധിപ്പിച്ചു; ഫെഫ്ക പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു

കൊച്ചി: സിനിമ നിർമ്മാണ രംഗത്തെ തൊഴിലാഴികളുടെ വേതനം വർധിപ്പിച്ചു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും തമ്മിൽ നടത്തിയ ചർച്ചയിൽ 20% വർധനക്കാണു ധാരണയായത്. ഇതോടെ ശമ്പള വർധന ആവശ്യപ്പെട്ട് 7 മുതൽ ഫെഫ്ക പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. കഴിഞ്ഞ ജനുവരി മുതൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള വർധനവാണ് 4 മാസം വൈകി നടപ്പാക്കുന്നത്.

ഈ സാഹചര്യത്തിൽ പുതിയ ശമ്പള കരാറിന്റെ കാലാവധി രണ്ടര വർഷമായി കുറയ്ക്കാനും ധാരണയായി. നിലവിൽ 3 വർഷമായിരുന്നു വേതന കരാറിന്റെ കാലാവധി. വിവിധ യൂണിയനുകളുടെ ആവശ്യം പരിഗണിച്ച് കുറഞ്ഞത് 40% ശമ്പള വർധനവാണ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായ ഫെഫ്ക ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പരമാവധി 20% വർധന നൽകാമെന്നായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്. ചർച്ചക്കൊടുവിൽ നിർമ്മാതാക്കളുടെ നിലപാട് അംഗീരിക്കപ്പെടുകയായിരുന്നു.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എം.രഞ്ജിത്ത്, സിയാദ് കോക്കർ, ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ, നേതാക്കളായ ജി.എസ്.വിജയൻ, സെവൻ ആർട്സ് മോഹൻ, സോഹനൻ സീനുലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.

 

Leave a Reply

Your email address will not be published. Required fields are marked *