കണ്ണൂരിൽ 200 പേർ കള്ളവോട്ട് ചെയ്തതായി യുഡിഎഫ്; അന്വേഷിക്കുമെന്ന് കലക്ടർ

കണ്ണൂർ:  മണ്ഡലത്തിലെ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തതായി ആരോപിച്ചു സിപിഎമ്മിനെതിരെ യുഡിഎഫ് ജില്ലാ കലക്ടർക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് 47–ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാൾ 52, 53 ബൂത്തുകളിൽ വോട്ട് ചെയ്തതായി വിഡിയോ ഫുട്ടേജ് സഹിതമാണു പരാതി.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പേരാവൂർ, മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലേതാണ് മറ്റ് 199 പരാതികൾ. സിപിഎം പ്രവർത്തകരായ സഹോദരനും സഹോദരിയും ചേർന്ന് 9 കള്ളവോട്ട് ചെയ്തതായി പരാതിയിൽ പറയുന്നു.വോട്ടവകാശമില്ലാത്ത, പ്രായപൂർത്തിയാകാത്തവരും കള്ളവോട്ട് ചെയ്തതായി പരാതിയിലുണ്ട്. കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ.സുരേന്ദ്രൻ കലക്ടർ മിർ മുഹമ്മദലിയെ നേരിൽ കണ്ടാണു പരാതി നൽകിയത്.

യുഡിഎഫ് നൽകിയ പരാതി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടർ മിർ മുഹമ്മദ് അലി പറഞ്ഞു. പട്ടികയിൽ ഉള്ളവരുടെ പേരു നോക്കി വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *