കള്ളവോട്ട് : സി.പി.എം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്

കണ്ണൂർ: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്ത മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. പഞ്ചായത്ത് അംഗം എൻ.പി. സെലീന, പത്മിനി, കെ.പി. സുമയ്യ എന്നിവർക്കെതിരെ ആൾമാറാട്ടത്തിനാണ് പരിയാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശിച്ചിരുന്നു. അന്യായമായി തിരഞ്ഞെടുപ്പിൽ ഇടപെടൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കണ്ണൂർ ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്‌കൂൾ 19-ാം നമ്പർ ബൂത്തിലെ 774 നമ്പർ വോട്ടറായ പത്മിനി അരമണിക്കൂറിനുള്ളിൽ രണ്ടുതവണ വോട്ട് ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. പതിനേഴാം നമ്പർ ബൂത്തിലെ വോട്ടറും സി.പി.എം ചെറുതാഴം പഞ്ചായത്ത് അംഗവുമായ ടി.പി. സെലീന പത്തൊൻപതാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നതും ഇരുപത്തിനാലാം നമ്പർ ബൂത്തിലെ വോട്ടറായ ചെറുതാഴം പഞ്ചായത്ത് മുൻ അംഗം സുമയ്യ പത്തൊൻപതാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നതും വീഡിയോയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *