യു.എൻ രക്ഷാസമിതിയുടെ പ്രഖ്യാപനം ഇന്ത്യയുടെ വൻ നയതന്ത്ര വിജയം

യു.എൻ: പാകിസ്ഥാനും ചൈനയ്‌ക്കും തിരിച്ചടിയായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ യു.എൻ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ നയതന്ത്ര വിജയമായി. മസൂദിനെ കരിമ്പട്ടികയിൽ പെടുത്താൻ പത്ത് വർഷമായി ഇന്ത്യ നടത്തിയ നയതന്ത്ര ശ്രമങ്ങളാണ് ഫലവത്തായത്. ഇക്കാലത്ത് മസൂദിനെതിരായ അമേരിക്കയുടെയും മറ്റും പ്രമേയങ്ങൾ നാല് തവണ വീറ്റോ ചെയ്‌ത് സഖ്യകക്ഷിയായ പാകിസ്ഥാനോട് കൂറുകാട്ടിയ ചൈനയെ മെരുക്കിയാണ് രക്ഷാസമിതിയുടെ ഭീകരവിരുദ്ധ സമിതി ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്.

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതോടെയാണ് മസൂദിനെതിരായ നീക്കം ഇന്ത്യ ശക്തമാക്കിയത്. എന്നാൽ മസൂദിനെ ലോക ഭീകരനായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളുടെ കൂട്ടത്തിൽ പുൽവാമ ഉൾപ്പെടുത്തിയിട്ടില്ല. രക്ഷാസമിതിയിൽ നാല് സ്ഥിരാംഗങ്ങളുടെയും മറ്റ് പത്ത് അംഗരാഷ്‌ട്രങ്ങളുടെയും പിന്തുണ ഇന്ത്യ നേടിയെടുത്തെങ്കിലും ചൈന ഇടഞ്ഞു നിന്നു. മസൂദിനെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും കൊണ്ടു വന്ന പ്രമേയം മാർച്ച് 13ന് ചൈന തടയുകയായിരുന്നു. ചൈനയുടെ വിലക്ക് മൂന്ന് മാസം നിലനിൽക്കേണ്ടതാണ്.

മസൂദിന്റെ ഉപരോധം ചർച്ച ചെയ്യാൻ ഏപ്രിൽ 23ന് നടന്ന യോഗത്തിൽ ചൈനയ്‌ക്ക് എതിർ വാദങ്ങൾ ഉന്നയിക്കാൻ ഒരാഴ്ച അനുവദിച്ചു. ഫ്രാൻസും ബ്രിട്ടനും റഷ്യയും നടത്തിയ ചർച്ചയിൽ മസൂദിനെ വിലക്കുന്നത് ഇന്ത്യയിലെ >തിരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ (മേയ് 19) നീട്ടണമെന്ന് ചൈന ആവശ്യപ്പെട്ടു. പക്ഷേ ഏപ്രിൽ 30 നപ്പുറത്തേക്ക് പറ്റില്ലെന്ന് അമേരിക്ക ഉറച്ച നിലപാട് എടുത്തു. തുടർന്ന് മേയ് 6 ചൈന നിർദ്ദേശിച്ചു. അതും അമേരിക്ക സമ്മതിച്ചില്ല. അങ്ങനെയാണ് മേയ് 1ന് തന്നെ പ്രഖ്യാപനം ന‌ടത്താൻ ചൈന സമ്മതിച്ചത്. അമേരിക്കയുടെ ആവശ്യപ്രകാരം ചൈന തീയതി രേഖാമൂലം അറിയിക്കുകയും ചെയ്‌തു.

ഭീകരർക്കെതിരെ നടപടികൾ എടുക്കുന്നതിനുള്ള രക്ഷാസമിതി പ്രമേയം 1267 പ്രകാരമുള്ള പ്രത്യേക സമിതിയാണ് മസൂദിന് വിലക്ക് കല്പിച്ചത്. രക്ഷാസമിതിയിൽ വോട്ടിനിട്ടാൽ പാകിസ്ഥാനോടുള്ള കൂറ് പ്രകടിപ്പിക്കാൻ ചൈനയ്‌ക്ക് പ്രമേയം വീറ്റോ ചെയ്യേണ്ടി വരുമായിരുന്നു. 14 അംഗരാഷ്‌ട്രങ്ങളും ഇന്ത്യയെ അനുകൂലിക്കുമ്പോൾ പാകിസ്ഥാന് വേണ്ടി വീറ്റോ പ്രയോഗിക്കുന്നത് ലോകത്തിന് മുന്നിൽ ചൈനയുടെ മുഖം നഷ്‌ടപ്പെടുത്തും. അങ്ങനെയാണ് ചൈന വഴങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *