വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ ക്രമക്കേട് ; നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും

തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ഔട്ട്‌ലെറ്റുകളിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ. 62 ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടന്നത്. കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. അധിക വിലയീടാക്കുന്നതും കമ്മിഷൻ കുറവുള്ള മദ്യങ്ങളില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും വിലകൂടിയ മദ്യക്കുപ്പികൾ പൊട്ടിയെന്ന് കാണിച്ച് കരിഞ്ചന്തയിൽ വിൽക്കുന്നതുമടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

മിക്കയിടത്തെയും കാഷ് കൗണ്ടറിലുള്ള തുകയിൽ കുറവുണ്ട്. ബില്ലിലെ വില രേഖപ്പെടുത്തിയ ഭാഗം കീറിയും, മഷിയില്ലാത്ത ടോണറിൽ ബില്ല് പ്രിന്റ് ചെയ്‌തും കൂടുതൽ പണം ഈടാക്കുന്നതിനാൽ കളക്‌ഷൻ തുക അപ്പപ്പോൾ ഔട്ട്‌ലെറ്റുകൾക്കടുത്തെ കെട്ടിടങ്ങളിലേക്ക് മാറ്റും. ഇങ്ങനെ ഒളിപ്പിച്ച 33,000 രൂപയും പിടിച്ചെടുത്തു. പത്തിടത്ത് മദ്യം വിറ്റതിനെക്കാൾ 13000 രൂപ കൂടുതലായിരുന്നു. തൊടുപുഴയിൽ സെയിൽസ് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 19630 രൂപയും തിരുവനന്തപുരം ഉള്ളൂരിലെ മാനേജരിൽ നിന്ന് 11900 രൂപയുമടക്കം 43000 രൂപ പിടിച്ചെടുത്തു. ആലപ്പുഴ പുന്നംമൂട് ഔട്ട്‌ലെ​റ്റിനകത്തും പരിസരത്തും ഒളിപ്പിച്ച 28,790 രൂപയും പിടികൂടി.കൊല്ലം പുലമൺ ഔട്ട്‌ലെ​റ്റിലെ കാഷ് ബുക്ക് കൃത്യമല്ല. ഉള്ളൂരിൽ നോട്ട്ബുക്കിലാണ് വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഉപ്പിടാംമൂട് അടക്കമുള്ള ഔട്ട്‌ലെ​റ്റുകളിൽ മേലുദ്യോഗസ്ഥർ കാഷ്ബുക്ക് പരിശോധിച്ചിരുന്നില്ല. പാലാ ഔട്ട്‌ലെ​റ്റിൽ സ്റ്റോക്കുകളുടെ എണ്ണത്തിൽ കുറവുണ്ട്. കാഞ്ഞങ്ങാട് നിയമാനുസരണം അനുവദിച്ചതും പരമാവധി പൊട്ടാൻ സാദ്ധ്യതയുള്ളതുമായ 0.75 ശതമാനം ബോട്ടിൽ എല്ലാ മാസവും പൊട്ടുന്നുണ്ടെന്ന് കാണിച്ച് ഉദ്യോഗസ്ഥർ തുക വെട്ടിച്ചിരുന്നു.

മിക്കയിടത്തും ലഭ്യമായ മദ്യത്തിന്റെ വിവരങ്ങളും വിലയും പ്രദർശിപ്പിക്കുന്നില്ല. കാസർകോട് ഔട്ട്‌ലെ​റ്റിൽ ‘സ്വദേശി’ ബ്രാൻഡ്” ലഭ്യമല്ലെന്ന് ബോർഡിൽ രേഖപ്പെടുത്തിയെങ്കിലും അഞ്ച് ബോട്ടിൽ സ്റ്റോക്കുണ്ടായിരുന്നു. കണ്ണൂർ താന, തിരുവനന്തപുരം ഉള്ളൂർ എന്നിവിടങ്ങളിൽ കൂടുതൽ മദ്യം പൊട്ടിയെന്ന് കാണിച്ച് ഉദ്യോഗസ്ഥർ തുക വെട്ടിച്ചിരുന്നു. കൂടാതെ പൊട്ടിയ കുപ്പികളുടെ വിവരം രേഖപ്പെടുത്തേണ്ട ബ്രോക്കേജ് രജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല. മിക്കയിടത്തും ഉദ്യോഗസ്ഥർ ഹാജർ ബുക്കിൽ ഒപ്പിടാറില്ലെന്നും മൂവ്‌മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മുങ്ങുന്നതായും കണ്ടെത്തി. തിരുവനന്തപുരത്തെ ചിറയിൻകീഴ്, മലയിൻകീഴ് ഔട്ട്‌ലെ​റ്റുകളിൽ സെക്യൂരി​റ്റി ജീവനക്കാർ കൗണ്ടറിലെത്തി വില്പന നടത്തുന്നതായും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *