കള്ളവോട്ട് പിടിക്കപ്പെട്ടപ്പോള്‍ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ട് പിടിക്കപ്പെട്ടതോടെ മുഖം നഷ്‌ടപ്പെട്ട സി.പി.എം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ഇഷ്‌ടമില്ലാത്ത വിധി വരുമ്പോൾ കോടതികളെ ആക്രമിക്കുകയും ജഡ്‌ജിയെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്യുന്നതു പോലെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെയും സി.പി.എം ആക്രമിക്കുന്നത്. കള്ളവോട്ടു ചെയ്‌ത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം കൈയോടെ പിടിക്കപ്പെട്ടപ്പോൾ അത് യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനും തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കുന്നത് ജാള്യം മറയ്‌ക്കാനാണ്.തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെ ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിക്കാൻ നോക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. നിഷ്‌പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പു നടത്തേണ്ടത് കമ്മിഷന്റെ ചുമതലയാണ്. ആ സംവിധാനം ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്. സി.പി.എം നിയമവ്യവസ്ഥയ്‌ക്കും ഭരണഘടനയ്‌ക്കും അതീതമല്ലെന്ന് കോടിയേരി ഓർക്കണം.

ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്‌ത അണികളെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് കോടിയേരി നൽകുന്നത്. പോളിംഗ് ബൂത്തിൽ നിന്നു ലഭിച്ച സി.സി ടിവി വെബ്കാമറാ ദൃശ്യങ്ങളിൽ നിന്ന് കള്ളവോട്ടാണ് നടന്നതെന്ന് വ്യക്തമായിട്ടും ലജ്ജയില്ലാതെ അതിനെ ന്യായീകരിക്കാനും തിരഞ്ഞെടുപ്പു കമ്മിഷനെ ഭീഷണിപ്പെടുത്താനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *