വടകര മണ്ഡലത്തിലെ 60 ബൂത്തിൽ സി.പി.എം കള്ളവോട്ട് : കെ. മുരളീധരൻ

തിരുവനന്തപുരം: വടകര മണ്ഡലത്തിലെ 60 ബൂത്തിൽ സി.പി.എം കള്ളവോട്ട് ചെയ്‌തെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. കള്ളവോട്ടിനെ അതിജീവിച്ച് 25,​000ൽ കുറയാത്ത ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൂത്തുപറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, തലശ്ശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 60 ബൂത്തുകളിലാണ് കള്ളവോട്ടു നടന്നത്. സംശയമുള്ള ബൂത്തുകളുടെ ദൃശ്യങ്ങൾ കോടതി വഴി റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് നിയമ നടപടികളെടുക്കും. വടകരയിൽ ജയിച്ചാലും നിയമനടപടികൾ തുടരും.കൂത്തുപറമ്പിലെ പാട്യം പഞ്ചായത്തിൽ പി. ജയരാജനു വോട്ടുള്ള 41ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് ഏജന്റിനെ ഇരിക്കാൻ അനുവദിക്കാതെ വ്യാപകമായി കള്ളവോട്ട് ചെയ്‌തതിന്റെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഹൈപ്പർ സെൻസിറ്റീവ് ആക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടും 162 ബൂത്തുകളിൽ ഇതിനു വേണ്ടുന്ന ക്രമീകരണം ഏർപ്പെടുത്താത്ത റിട്ടേണിംഗ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും.

എല്ലാത്തരം വൃത്തികേടും കാട്ടിയിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സി.പി.എം നേരിടാൻ പോകുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി. 18 സീറ്റുകളിൽ യു.ഡി.എഫ് എന്തായാലും ജയിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *