ഫോനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നു മണിക്കൂറില്‍ 145 കിലോമീറ്ററും നാളെ 155 കിലോമീറ്റര്‍ വരെയും വേഗം കൈവരിച്ച് വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുമെന്നാണു മുന്നറിയിപ്പ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച് തമിഴ്നാട്, ആന്ധ്ര തീരത്ത് അടുക്കില്ലെന്നാണ് വിലയിരുത്തല്‍. കേരളം ചുഴലിക്കാറ്റിന്‍റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്‍റെ സ്വാധീനംമൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ‌ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു കൽപിക്കപ്പെടുന്നത്. ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.

തമിഴ്നാടിന്റെ തീരത്ത് 300 കിലോമീറ്റർ വരെ അകലെ ചുഴലി എത്തുമെന്നും ഇതിന്റെ ഫലമായി വടക്കൻ തമിഴ്നാട്ടിൽ ഇന്നു മുതൽ മഴ വ്യാഴാഴ്ച വരെ മിതമായ മഴ ലഭിക്കുമെന്നുമാണു പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *