യുഡിഎഫിനു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് ലഭിച്ചേക്കാമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: യുഡിഎഫിനു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് ലഭിച്ചേക്കാമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 20 ലോക്‌സഭാ മണ്ഡലം കമ്മിറ്റികളില്‍ നിന്നും നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. ന്യൂനപക്ഷ ഏകീകരണത്തിലും എല്‍ഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങല്‍ സീറ്റുകളൊഴികെ വിജയസാധ്യതയുണ്ടെന്നാണു നേതൃത്വത്തിന്റെ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. ന്യൂനപക്ഷ ഏകീകരണം വന്‍തോതില്‍ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂ.
എല്‍ഡിഎഫ് 18 സീറ്റ് വരെ നേടിയേക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് ഏതാണ്ട് അത്രയും സീറ്റു തന്നെ യുഡിഎഫും പ്രതീക്ഷിക്കുന്നുവെന്നതു ശ്രദ്ധേയം.
ഇടതുകോട്ടയായ ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വിള്ളലുണ്ടാക്കിയെന്നതില്‍ തര്‍ക്കമില്ല. അതേസമയം അതു വിജയത്തിലേക്ക് എത്തുമോയെന്നതാണു സംശയം. രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതിയും ലഭിച്ചിട്ടുണ്ട്.ഇടതിന്റെ ശക്തി ദുര്‍ഗങ്ങളായ ആലത്തൂരിലും കാസര്‍കോട്ടും വന്‍മുന്നേറ്റം നടത്തിയെന്നാണു കോണ്‍ഗ്രസ് നിഗമനം. ആലത്തൂരില്‍ ഇടതു വോട്ടുകള്‍ വരെ രമ്യ ഹരിദാസ് നേടിയതായും അവകാശവാദമുണ്ട്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ തീവ്രമായ മത്സരം നടന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് തുടക്കത്തില്‍ നേടിയ വ്യക്തമായ മേല്‍ക്കൈ അവസാനമായപ്പോള്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ മറികടന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *