വോട്ടുമറിക്കല്‍ ആരോപണം: കോടിയേരി സ്വയം പരിഹാസ്യനാകുമെന്നു മുല്ലപ്പള്ളി

തിരുവനന്തപുരം: ബി.ജെ.പി വോട്ട് മറിച്ചെന്ന് പറയുമ്പോള്‍ തന്നെ അവരുടെ വോട്ടുവിഹിതം കേരളത്തില്‍ വര്‍ധിക്കുമെന്ന് പറയുന്ന സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനാവുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
 പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്ന  സി.പി.എം കേരളത്തില്‍ അഗാധമായ ആശയക്കുഴപ്പത്തിലാണ്. അതു തെളിയിക്കുന്നതാണ് കേരളത്തില്‍ 18 സീറ്റുനേടുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍. സ്വന്തം അണികള്‍ എന്താണ് ചിന്തിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ സി.പി.എം സംസ്ഥാന ഘടകത്തിനാകുന്നില്ല. ഒരുകാലത്ത് സി.പി.എം അവരുടെ വോട്ടുകള്‍ കൃത്യമായി കണക്ക് കൂട്ടിയിരുന്നെങ്കില്‍ ഇന്ന് സ്വന്തം അണികളുടെ വോട്ടുകള്‍ ശരിയായി കണക്കുകൂട്ടുന്നതില്‍ സി.പി.എമ്മിന് ആശയക്കുഴപ്പമാണ്.
ഈ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍  സി.പി.എമ്മിന്റെ അംഗീകാരവും പ്രസക്തിയും നഷ്ടമായി കേവലം ഒരു കൊച്ചുപ്രാദേശിക പാര്‍ട്ടിയായി കേരളത്തില്‍ മാത്രം ചുരുങ്ങും. സി.പി.എമ്മിനെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും കേരളത്തില്‍ നിന്നുള്ള അംഗങ്ങളുമാണെന്നും മുല്ലപ്പളളി പറഞ്ഞു.
ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് സി.പി.എമ്മാണ്. വോട്ടുമറിച്ചെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനാണ്. പരാജയഭീതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സി.പി.എമ്മിന്റെ വോട്ടുകച്ചവടമെന്ന ആരോപണം. മുന്‍പും പരാജയത്തോട് അടുക്കുമ്പോള്‍ സി.പി.എം വോട്ടുതിരിമറിയെന്ന പല്ലവി ആവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും ഉറക്കം നഷ്ടമാകും. ബി.ജെ.പി കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ മത്സരിച്ചത് ജയിക്കാനല്ലെന്നും കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന കോടികള്‍ പ്രതീക്ഷിച്ചാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍  ബി.ജെ.പി. ഒരു നേട്ടവും ഉണ്ടാക്കില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സംഘപരിവാറും യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളെ  വഞ്ചിച്ചു. സുപ്രീംകോടതിയുടെ വിധിക്കുമേല്‍ ഒരു റിവ്യൂഹര്‍ജി നല്‍കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടും അധികാരത്തിലെത്തിയാല്‍ ആചാര അനുഷ്ഠാനം സംരക്ഷിക്കുമെന്ന് പറയുന്ന ബി.ജെ.പി ആത്മവഞ്ചന നടത്തുകയാണ്. ശബരിമല വിധിക്ക് ശേഷം രണ്ടുതവണ പാര്‍ലമെന്റ് സമ്മേളിച്ചിട്ടും ആചാര വിശ്വസ സംരക്ഷണത്തിനായി  നിയമനിര്‍മ്മാണത്തിന് ഒരു നടപടിയും സ്വീകരിക്കാത്ത പ്രധാനമന്ത്രിയും ബി.ജെ.പിയും അവര്‍ നടത്തുന്ന വചോടാപം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *