തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ തീരുമാനിച്ചു

തൃശ്ശൂര്‍:  കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം തീരുമാനിച്ചു. ഇതോടെ വരുന്ന തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികൾ രം​ഗത്ത് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം എന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.

എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം ഇന്ന് തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.

തൃശ്ശൂരില്‍ നിന്നുള്ള കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വഴി നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വനംമന്ത്രി കെ രാജുവുമായി ആനപ്രേമികളുടെ സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രാമചന്ദ്രനുള്ള വിലക്ക് പൂരത്തിന് മുന്‍പ് നീക്കാമെന്ന് ഇരുമന്ത്രിമാരും ആനപ്രേമികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതോടെ ഇന്നത്തെ യോ​ഗത്തിൽ ആനയുടെ വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്.

എന്നാല്‍ ഇന്ന് രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കേണ്ട എന്ന തീരുമാനമാണ് ഉണ്ടായത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും  ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.

ഇതോടെ യോഗത്തിനെത്തിയ എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാൽ ആനകളുടെ മേൽനോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാൽ അതിനെതിരെ നടപടി സ്വീകരിക്കാൻ വഴിയില്ലെന്നും യോ​ഗത്തിൽ പങ്കെടുത്ത മന്ത്രി വിഎസ് സുനിൽകുമാർ യോ​ഗത്തെ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരി​ഹരിക്കാൻ ശ്രമിക്കുമെന്നും വിഎസ് സുനിൽ കുമാർ ആനപ്രേമികൾക്ക് ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *