‘ദീദി’ എല്ലാ വർഷവും കുർത്ത അയച്ചുതരും: അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി

ന്യൂഡ‍ൽഹി∙ രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി മികച്ച ബന്ധമാണുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് മോദി മനസ്സുതുറന്നത്. ‘എല്ലാ ശത്രുതയും മറന്ന് ‘ദീദി’ എനിക്ക് വർഷം തോറും കുർത്തകൾ അയയ്ക്കാറുണ്ട്. ബംഗാളി മധുരപലഹാരങ്ങളോടു പ്രത്യേക ഇഷ്ടമുണ്ടെന്നു അറിയാവുന്നതുകൊണ്ട് അവർ പ്രത്യേകം മധുരപലഹാരങ്ങളും അയയ്ക്കാറുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ധാക്കയിൽനിന്ന് ബംഗാളി മധുരപലഹാരങ്ങൾ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞതിനുശേഷമാണ് മമത അയച്ചുതുടങ്ങിയത്’ – രാഷ്ട്രീയം ഒഴികെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള അഭിമുഖത്തിൽ മോദി പറഞ്ഞു.

പ്രതിപക്ഷ നേതാക്കന്മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനു മികച്ച ബന്ധമാണു പങ്കുവയ്ക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഒരിക്കൽ പാർലമെന്റിൽ വച്ച് ദീർഘനേരം സംസാരിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. അന്നു അദ്ഭുതസ്തബ്ധരായ പലരും ഈ സഹവർത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നൽകുകയും ചെയ്തു. ‘നിങ്ങൾ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങൾ ഒരു കുടുംബം പോലെയാണ്’ – മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *