കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത നിര്‍ദ്ദേശം

ബംഗളുരു: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. ബംഗളുരു സിറ്റി പൊലീസിന് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ സന്ദേശം ലഭിച്ചുവെന്നാണ് കര്‍ണാടക പൊലീസ് കേരളത്തിന് കൈമാറിയ മുന്നറിയിപ്പില്‍ പറയുന്നത്. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ജില്ല പൊലീസ് മേധാവികള്‍ക്ക് ഡിജിപി അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതിനായി 19 തീവ്രവാദികള്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ സംസാരിച്ച ഇയാള്‍ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് പറഞ്ഞത്. കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള പരിശോധനകള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *