വോട്ടെടുപ്പ് കഴിഞ്ഞതിനാൽ പെരുമാറ്റച്ചട്ടത്തിൽ ഇളവു നൽകും: ടിക്കാറാം മീണ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ മാനനഷ്ട പരാതിയോടു പ്രതികരിക്കാനില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിനാൽ പെരുമാറ്റച്ചട്ടത്തിൽ ഇളവു നൽകും. കള്ള വോട്ടിൽ പരാതി ലഭിച്ചു. എന്നാൽ കള്ള വോട്ടു നടന്നതിനു തെളിവു കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കേരളത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തകരാറിലായതു വളരെ കുറച്ചു മാത്രമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. കാലാവസ്ഥയും കൈകാര്യം ചെയ്യുന്നതിലെ വിഴ്ചയുമാണു ഇതിനു കാരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തകരാർ കുറവായിരുന്നു. വ്യാപക തകരാറെന്ന പ്രചാരണം ശരിയല്ലെന്നു മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. മുപ്പത് വര്‍ഷത്തിലെ ഏറ്റവും ഉര്‍ന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. എട്ടു മണ്ഡലങ്ങളിൽ 80 ശതമാനത്തിനു മുകളിൽ പോളിങ് നടന്നു. 38,003 ബാലറ്റ് യൂണിറ്റ് ഉപയോഗിച്ചു, 397 എണ്ണം കേടായി. വോട്ടിങ് മെഷീനെതിരായ ആരോപണം ജനാധിപത്യത്തിന് നല്ലതല്ല. 99 ശതമാനം വോട്ടർമാർക്കും നല്ല അഭിപ്രായമാണ്. കുറവുകൾ പരിഹരിക്കും. വോട്ടു ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹംപറഞ്ഞു.

പരാതി തെളിയിക്കാത്ത വോട്ടറെ അറസ്റ്റു ചെയ്യുന്നതിനോട് യോജിപ്പില്ല. നടപ്പാക്കുന്നത് പാര്‍ലമെന്‍റ് പാസാക്കിയ ചട്ടമാണ്. മാറ്റം വേണമെങ്കില്‍ ജനപ്രതിനിധികള്‍ തീരുമാനിക്കണമെന്ന് ടിക്കാറാം മീണ പറഞ്ഞു. എറണാകുളം കളമശ്ശേരിയിലെ ബൂത്ത് നമ്പർ 83ൽ 715 പേർ വോട്ട് ചെയ്തിരുന്നെങ്കിലും വിവി പാറ്റ് രസീതിൽ 758 കണ്ടു. മോക്ക് പോൾ സമയത്ത് ചെയ്ത വോട്ടുകൾ നീക്കം ചെയ്യാതിരുന്നതാണു കാരണം. ഇവിടെ റീ പോളിങ് നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *