ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്നു സമ്മതിച്ച് കല്ലട ട്രാവല്‍സ്; സമൂഹമാധ്യമങ്ങളിലും പ്രതിഷേധം

കൊച്ചി: ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്നു സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നു കല്ലട ട്രാവൽസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

എന്നാൽ യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചു. കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റവും നടത്തി.ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമാണ് സംഭവങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയിൽ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. ബസ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തു. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, കല്ലട ബസില്‍ നടന്നത് അതിക്രൂരമായ അക്രമമെന്നു സംഭവം പുറംലോകത്തെ അറിയിച്ച ഡോ.ജേക്കബ് ഫിലിപ് പറഞ്ഞു. യുവാക്കളെ റോഡില്‍ ഓടിച്ചിട്ട് അടിച്ചു‌. തലമുടി വലിച്ച് ബിയര്‍ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചതും കണ്ടു. ജീവനക്കാർ തന്നെ ഫോണില്‍ വിളിക്കുകയും ദൃശ്യം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യതെന്നും അദ്ദേഹം പറഞ്ഞു.

കല്ലട ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബെംഗളൂരുവിലെ കല്ലടയുടെ ഓഫിസ് മലയാളികൾ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ പൂട്ടിച്ചു. വൈറ്റിലയിൽ കമ്പനി ഓഫിസിലേയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ബസിലെത്തിക്കുന്ന വസ്തുക്കൾ പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *