ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെയും പോകും: അമിത് ഷാ

തൃശൂർ: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നും അയ്യപ്പവിശ്വാസികൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അമിത് ഷായുടെ പരാമർശം.

‘കേരളത്തിലെ സർക്കാർ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലിൽ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണ് ഇത്ര തിടുക്കം?’, അമിത് ഷാ ചോദിച്ചു.

‘ശബരിമല വിശ്വാസസംരക്ഷണത്തിനൊപ്പം അയ്യപ്പവിശ്വാസികൾക്കൊപ്പം ബി.ജെ.പി ഉണ്ടാകും. ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കുമെന്നും അത് സുപ്രീം കോടതിയുടെ മുമ്പാകെ എത്തിക്കുമെന്നും പറഞ്ഞത് അതുകൊണ്ടാണ്. ശബരിമലയിൽ പൊലീസിനെ നിർത്തി സമരത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡി.വൈ.എഫ്.ഐക്കാരെ പോലും പൊലീസ് വേഷം കെട്ടിച്ച് നിർത്തി. ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാൻ ശ്രമിച്ചാൽ ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളും ബി.ജെ.പി നടത്തും. അതിനായി ഏതറ്റം വരെയും പോകും’, തിരഞ്ഞെടുപ്പ് പരിപാടിയിൽ അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *