കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം മുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണബാങ്കുകളിൽ നിന്നു പണം കടംവാങ്ങി സർക്കാർ ക്ഷേമപെൻഷൻ കൊടുത്തുതീർത്തതോടെ കെഎസ്ആർടിസി പെൻഷൻകാർക്ക് ഇത്തവണ വിഷുവായിട്ടും പെന്‍ഷനില്ല.
എല്ലാമാസവും 5നു മുൻപ് ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ ഇന്നലെ വരെ ലഭിച്ചില്ല. ഉള്ളതു മുഴുവൻ സർക്കാരിനു കടം കൊടുത്തെന്നും കെഎസ്ആർടിസിക്കു നൽകാൻ പണമില്ലെന്നും സഹകരണബാങ്കുകൾ അറിയിച്ചതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്.

കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച 39,000 പേർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 62 കോടി രൂപയാണു വേണ്ടത്. കഴിഞ്ഞ വർഷം പെൻഷൻ മാസങ്ങളോളം മുടങ്ങി വ്യാപകമായ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ സഹകരണബാങ്കുകളുടെ കൺസോർഷ്യത്തിന്റെ സഹായം തേടിയത്. സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ടിൽ നിന്നു പിന്നീട് ഈ തുക പലിശസഹിതം ബാങ്കുകൾക്കു നൽകാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാസവും പെൻഷൻ രണ്ടാഴ്ചയോളം വൈകിയെങ്കിലും കുടിശിക ഉൾപ്പെടെ കൊടുത്തുതീർത്തിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് ക്ഷേമപെൻഷൻകുടിശിക കൊടുത്തു തീർക്കാനായി സഹകരണബാങ്കുകളിൽ നിന്ന് 3000 കോടി രൂപയോളം സർക്കാർ കടംവാങ്ങിയിരുന്നു. ഇതോടെ പെൻഷനു നൽകാൻ പണമില്ലാത്ത അവസ്ഥയിലായി ബാങ്കുകൾ. കെഎസ്ആർടിസി ആവശ്യപ്പെട്ടെങ്കിലും അവർ കൈമലർത്തി. സർക്കാർ നൽകാനുള്ള ഒരു മാസത്തെ കുടിശിക നൽകിയാൽ ആ പണം അനുവദിക്കാമെന്ന് ബാങ്കുകൾ അറിയിച്ചതിനുശേഷം അതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വൈകി

ഈയാഴ്ച തുക വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. വിഷുവിന് ഏറെ പ്രാധാന്യമുള്ള വടക്കൻ ജില്ലകളിലുള്ളവരാണ് പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലായത്

Leave a Reply

Your email address will not be published. Required fields are marked *