മോദിയുടെ നാടകം വിജയിക്കില്ല: വേണുഗോപാൽ

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ നിയമനിർമാണം വേണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടപ്പോൾ ഒളിച്ചോടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ നടത്തുന്ന നാടകം വിജയിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സി.വേണുഗോപാൽ.

മുത്തലാഖ് വിഷയത്തിൽ നിയമം കൊണ്ടുവന്ന മോദിയാണ് ശബരിമലയിൽ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ കൈമലർത്തിയത്. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണു ശബരിമലയിൽ നിരോധനാഞ്ജ കൊണ്ടുവന്നതെന്നു പിണറായി വിജയൻ ഇപ്പോൾ പറയുന്നു. സ്ഥിതി ഗുരുതരമാണെന്നു മനസ്സിലാക്കിയതുകൊണ്ടാണു കേന്ദ്രം നിർദേശം നൽകിയത്. എന്നിട്ടും സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്രം തയാറായില്ല.

സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയായിരുന്നുവെന്നാണു പിണറായിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിശ്വാസം സംരക്ഷിക്കുന്നതരത്തിൽ നിയമം കൊണ്ടുവരും. റഫാൽ അഴിമതിക്കേസിൽ പാർലമെന്റിനുള്ളിലും പുറത്തും സിപിഎമ്മിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു. ലാവ്‌ലിൻ കേസും റഫാലിലെ മൗനവും തമ്മിൽ ബന്ധമുണ്ടോയെന്നു സംശയമുണ്ട്.

തിരഞ്ഞെടുപ്പു പ്രചാരണത്തെക്കുറിച്ചു ശശി തരൂർ ആർക്കും പരാതി നൽകിയിട്ടില്ല. തരൂർ പാർലമെന്റിൽ നടത്തിയ മികച്ച പ്രവർത്തനത്തെക്കുറിച്ചു രാജ്യത്താകെ അറിയാം. തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരായ തിരുവനന്തപുരത്തെ വോട്ടർമാർ തരൂരിനൊപ്പമാണ്. വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *