ബൂത്തുകളില്‍ ‘നമോ’ ഭക്ഷണ വിതരണം; തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

ഉത്തര്‍പ്രദേശ്: നോയിഡയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍‌ ലഘുഭക്ഷണം വിതരണം ചെയ്ത് ബി.ജെ.പി. നമോ എന്ന് ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഗൌതം ബുദ്ധ് നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരെയാണ് ലഘുഭക്ഷണത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.

നമോ എന്നത് എന്നത് കമ്പനിയുടെ പേരാണെന്നാണ് ഇതിന് വിശദീകരണമായി ഭക്ഷണപ്പൊതി വിതരണം ചെയ്തവര്‍ പറയുന്നത്. എന്നാല്‍ നമോ എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാംപെയ്നുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വെങ്കടേശ്വര്‍ ലു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് ബി.ജെ.പിയുമായും നരേന്ദ്ര മോദിയുമായും ബന്ധമുണ്ടോ എന്നത് അന്വേഷിക്കുമെന്ന് ഗൌതം ബുദ്ധ് നഗര്‍ എസ്.എസ്.പി വൈഭവ് കൃഷ്ണ അറിയിച്ചു.

പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംഭവത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *