നിയമസഭാംഗമായി 52 വർഷം ; റെക്കോര്‍ഡുകളുടെ കൂട്ടുകാരന്‍

തിരുവനന്തപുരം: ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തില്‍നിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോര്‍ഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉടമയാണ് കെ.എം. മാണി. നിയമസഭയിലെ പ്രവര്‍ത്തനത്തിനായി ഇംഗ്ലിഷ് നിഘണ്ടുവില്‍ ‘അഡീഷണാലിറ്റി’ എന്ന വാക്കുതന്നെ അദ്ദേഹം സംഭാവന ചെയ്തെന്ന് രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രചരിക്കുന്ന തമാശയുണ്ട്. നിയമസഭാംഗമായി 52 വർഷം പൂർത്തിയാക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങല്‍.

1965 ൽ ആണു കെ.എം. മാണി ആദ്യം മത്സരിക്കുന്നത്. പാലാ മണ്ഡലം രൂപീകരിക്കുന്നതും ആ വര്‍ഷംതന്നെ . പാലായില്‍ നിന്നു വിജയിച്ചെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേർന്നില്ല. 1967 ലെ തിരഞ്ഞെടുപ്പിലും വിജയമാവർത്തിച്ച മാണി സത്യപ്രതിജ്ഞ ചെയ്തതു മാർച്ച് 15ന്. തുടർച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയിട്ടില്ല. 1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി വിജയിക്കുന്ന ഉമ്മന്‍ചാണ്ടിയാണ് തൊട്ടുപിന്നിലുള്ളത്. ദേശീയ നേതാക്കളുടെ നിരയിലും മാണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഇന്ദ്രജിത് ഗുപ്ത 41 വര്‍ഷം ലോക്സഭയില്‍ അംഗമായി; സോമനാഥ് ചാറ്റര്‍ജി 38 വര്‍ഷവും സഭയില്‍ കൃത്യമായി ഹാജരായി കഴിയുന്നത്ര സമയം സഭയില്‍ ഇരിക്കുന്നതാണ് മാണിയുടെ രീതി. കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം. മാണിയെ നിയമസഭയിലെ അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് 1962 മുതല്‍ വിസ്കോന്‍സിനില്‍നിന്ന് അമേരിക്കന്‍ സെനറ്റിലേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.

Leave a Reply

Your email address will not be published. Required fields are marked *