പ്രേമചന്ദ്രന്റെ കഴിവിലും അംഗീകാരത്തിലും വിറളി പൂണ്ടിട്ടു കാര്യമില്ല: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് ജയിച്ചിട്ടും എന്തിനാണു എൻ.കെ.പ്രേമചന്ദ്രനെ മുഖ്യമന്ത്രിക്കു പേടിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. എന്തിനാണ് ഇത്ര വെപ്രാളം? പ്രേമചന്ദ്രൻ 5 കൊല്ലം മുൻപു യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ചതാണ്. അദ്ദേഹത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.

പ്രേമചന്ദ്രന്റെ കഴിവിലും അംഗീകാരത്തിലും വിറളി പൂണ്ട് എന്തെങ്കിലും പറഞ്ഞാൽ ജനം അംഗീകരിക്കില്ല. പ്രേമചന്ദ്രന്റെ കഴിവിനെയും സൽപ്പേരിനെയും അവർ ഭയപ്പെടുന്നു. അവർ നടത്തുന്ന പ്രചാരണമാണ് പ്രേമചന്ദ്രന് അനുകൂലമായി വരിക. കൂട്ടത്തിലുണ്ടായിരുന്ന സഹപ്രവർത്തകനെതിരെ ഉന്നയിച്ച ആക്ഷേപം 5 കൊല്ലം കഴിഞ്ഞിട്ടും നിലനിൽക്കുന്നുവെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ പ്രതിഷേധം ഉയർന്നിട്ടും അതു പിൻവലിക്കാതെ ന്യായീകരിക്കാനാണ് ഇടതുപക്ഷ ശ്രമം. തെറ്റു പറ്റിയാൽ പിൻവലിക്കാതെ വീണ്ടും ന്യായീകരിക്കുകയാണ്. അതാണു ജനം വിലയിരുത്തുക. എം.കെ.രാഘവനെതിരെ ചാനൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അദ്ദേഹം എല്ലാം വിശദീകരിച്ചിട്ടുണ്ട്.

5 കോടി രൂപ വെറുതെ നൽകാൻ ആരെങ്കിലും വച്ചുകൊണ്ടിരിക്കുകയാണോ. അതിനു തെളിവു കൊണ്ടു വരട്ടെ. അന്വേഷണം നടക്കട്ടെ. കോഴിക്കോട്ടെ പഴയ കലക്ടറും രാഘവനുമായി വികസന പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനപ്പുറം ഒന്നും തനിക്കറിയില്ല. അഭിപ്രായ സർവേയിൽ എന്തു പറഞ്ഞാലും തിരുവനന്തപുരത്തു ജയിക്കാൻ പോകുന്നതു ശശി തരൂർ ആണ്. ബിജെപിക്ക് കേരളത്തിൽ ഒരു വിധത്തിലുള്ള രാഷ്ട്രീയ മുന്നേറ്റവും ഉണ്ടാവില്ല- ഉമ്മന്‍ചാണ്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *