കടലാമയെ കൊന്നു ഇറച്ചിയാക്കിയ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം:  കടലാമയെ കൊന്നു ഇറച്ചിയാക്കിയ റിട്ടയേർഡ് പൊലീസ് ഉൾപ്പടെ രണ്ടുപേർ പിടിയിൽ.  കടലാമ ഇറച്ചി വിൽപ്പന നടത്തിയവരെ അന്വേഷിച്ച് പൊലീസ്. നെയ്യാറ്റിൻകര പെരുംപഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻ( 52 )  നെയ്യാറ്റിൻകര പെരുംപഴുതൂർ പാറ വിളാകത്ത് കുളത്തിൻ കര പുത്തൻവീട്ടിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ  സുകുമാരൻ ( 58 )  എന്നിവരെയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസറും സംഘവും  അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വനം ഡിവിഷന്‍റെ കീഴിലുള്ള പരുത്തിപ്പള്ളി റെയിഞ്ചിലെ പരിധിയിൽ   നെയ്യാറ്റിൻകര പെരുംപഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻന്‍റെ വീട്ടിൽ   കടലാമയെ കൊന്ന് ഇറച്ചിയാക്കുകയാണെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ   ചൊവാഴ്ച്ച പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  ആർ വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പതിനേഴ് കിലോയോളം തൂക്കമുള്ള ആമയുടെ ഇറച്ചിയും മറ്റു അവശിഷ്ടങ്ങളും പാചകം ചെയ്യാൻ ഉപയോഗിച്ച വസ്തുക്കളും സംഘം കണ്ടെടുത്തു. രണ്ടായിരത്തി എണ്ണൂറു രൂപയ്ക്കു മൽസ്യ വില്പനക്കാരിൽ നിന്നും വാങ്ങിയതാണെന്നും ഔഷധ ഗുണമുള്ളത്‌ കൊണ്ടാണ് കടലാമ ഇറച്ചിയാക്കി പാചകം ചെയ്യാൻ തുനിഞ്ഞതെന്നും പിടിയിലായവർ മൊഴി  നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഉരഗ വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കടലാമ ഇതിനെ അനധികൃതമായി വേട്ടയാടുകയോ കൊല്ലുകയോ, ഇവയുടെ മുട്ടകൾ ശേഖരിക്കുന്നതോ ഇവയെല്ലാം വിൽപന നടത്തുന്നതോ നിയമാനുസൃതം വന്യജീവി നിയമപ്രകാരം കുറ്റകൃത്യമാണ്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു.

വിൽപ്പന നടത്തിയവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ഗംഗാധരൻ കാണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നസീർ, ട്രൈബൽ വാച്ചർ ആർ ശശിക്കുട്ടൻ, ഫോറസ്റ്റ് വാച്ചർ ജെ വരദരാജൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *