പ്ളസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ നിന്ന് അദ്ധ്യാപകർ നില്‍ക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : പ്ളസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ നിന്ന് അദ്ധ്യാപകർ വിട്ടുനിൽക്കരുതെന്നും അതേസമയം സമാധാനപരമായി പ്രതിഷേധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർ മൂല്യനിർണയം ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനെതിരെ മലപ്പുറം കൊടൂർ സ്വദേശികളായ കെ. സോന, കെ. റോഷന തുടങ്ങി അഞ്ച് പ്ളസ് ടു വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി  നിർദ്ദേശം നൽകിയത്.

ഹയർ സെക്കൻഡറി വിഭാഗം ഇല്ലാതാക്കാൻ ശുപാർശ ചെയ്യുന്ന ഡോ. എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ മൂല്യനിർണയം ബഹിഷ്കരിക്കുമെന്നാണ് അസോസിയേഷൻ വിദ്യാഭ്യാസമന്ത്രിക്ക് നോട്ടീസ് നൽകിയത്. ബഹിഷ്കരണം ഫലപ്രഖ്യാപനം വൈകാനിടയാക്കുമെന്ന് ഹർജിയിൽ പറയുന്നു. അദ്ധ്യാപകരുടെ ബഹിഷ്കരണം മൂല്യനിർണയത്തെ ബാധിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനും അംഗങ്ങൾക്കും മൂല്യനിർണയം ബഹിഷ്കരിക്കാൻ അധികാരമില്ലെന്ന് കോടതി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *