കാവൽക്കാരൻ ശുദ്ധനാണ് : രാജ്‌നാഥ് സിങ്‌

ഗാന്ധിനഗർ: ബംഗ്ലാദേശ് രൂപവത്കരിച്ചത് ഇന്ദിരാഗാന്ധിയുടെ നേട്ടമായി കാണാമെങ്കിൽ ഭീകരർക്കെതിരായ നീക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടമായി വിലയിരുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്‌.

ബാലാക്കോട്ടിൽ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് പ്രശംസിച്ചുകൂടായെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു. ബി.ജെ.പി അദ്ധ്യഷൻ അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1971 ലെ യുദ്ധത്തിൽ പാകിസ്താനെ വെട്ടിമുറിച്ച് സൈന്യം ബംഗ്ലാദേശ് രൂപവത്കരിച്ചു. അടൽ ബിഹാരി വാജ്‌പേയി അതിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ പാർലമെന്റിൽ പ്രശംസിക്കുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി ശക്തമായ തിരിച്ചടി നൽകാൻ ഉറച്ച തീരുമാനമെടുത്തു. ഇതേത്തുടർന്നാണ് വ്യോമസേന ബാലാക്കോട്ടിൽ ആക്രമണം നടത്തിയത്. അതിന്റെ പേരിൽ പ്രധാനമന്ത്രിയെ പ്രശംസിക്കാൻ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് രാജ്ന്ഥാ സിംഗ് ചോദിച്ചു.

മോദി കള്ളനാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്നതാണ് വാസ്തവം. കാവൽക്കാരൻ ശുദ്ധനാണ്. ഗാന്ധിനഗറിൽ അമിത് ഷാ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *