മധ്യവേനലവധിക്കാലത്ത് അവധിക്കാല ക്ലാസ് നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത്  സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തില്‍ സ്‌കൂളുകള്‍ അടച്ച് ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തിദിനം മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കടുത്ത ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലടക്കം അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസറില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി 10 ദിവസത്തെ അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കാനാകുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *