രാഹുല്‍ഗാന്ധിക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കുന്നതിൽ അഭിമാനം: ടി. സിദ്ദിഖ്

കോഴിക്കോട്∙ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ എത്തുമ്പോൾ അവിടേയ്ക്ക് പരിഗണിക്കപ്പെട്ട ആൾ എന്ന നിലയിൽ ഒഴിഞ്ഞു കൊടുക്കുന്നതിൽ അഭിമാനമാണെന്ന് ടി. സിദ്ദിഖ്.രാഹുൽ ഗാന്ധിക്കു വേണ്ടി മൽസര രംഗത്തു നിന്നു മാറി, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്നത് അംഗീകാരമാണ്. വികസനത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് കടന്നു പോകേണ്ട ഭൂപ്രദേശമാണ് വയനാട്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വികസനത്തിന്റെ അനന്ത സാധ്യതകളാണ് തുറക്കാൻ പോകുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിക്കു വേണ്ടി തന്റെ സ്ഥാനാർഥിത്വം ഒഴിഞ്ഞു കൊടുക്കുന്നത് ഭാഗ്യമായാണ് കരുതുന്നത്. യാതൊരു ഉപാധികളോടെയുമല്ല പിൻമാറുന്നത്.രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായാൽ വിശ്വസ്ഥ പ്രചാരകരായി ഐക്യമുന്നണി മുന്നോട്ടു പോകും. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കണമെന്നത് വയനാട്ടിലെ ജനങ്ങളുടെയും യുഡിഎഫ് പ്രവർത്തകരുടെയും ആവശ്യമാണ്.

രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സുവർണ അവസരമായാണ് ഇതിനെ കാണുന്നത്. രാഹുലിനു വേണ്ടി പല സംസ്ഥാനങ്ങളും ആവശ്യമുന്നയിച്ചിരുന്നു. വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ആവശ്യമുന്നയിച്ചെങ്കിലും ഭാഗ്യം ലഭിച്ചത് കേരളത്തിനാണ്.രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ അലയടികളുണ്ടാകും. ഞങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് സിപിഎമ്മിനെതിരെ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ സർജിക്കൽ സ്ട്രൈക്ക് വടകരയിൽ ആയിരുന്നെങ്കിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തന്ത്രപരമായ തീരുമാനമായിരിക്കും രാഹുലിന്റെ സ്ഥാനാർഥിത്വം.

Leave a Reply

Your email address will not be published. Required fields are marked *