നീരവ് മോദി ലണ്ടൻ ജയിലിൽ

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസിൽ വജ്രവ്യാപാരി നീരവ് മോദിയെ (48) സ്‌കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്‌തു. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന്. കേസ് വീണ്ടും പരിഗണിക്കുന്ന മാർച്ച് 29 വരെ ഇയാളെ ജയിലിൽ അടച്ചു.

മദ്ധ്യ ലണ്ടനിലെ ഹോൾബോണിൽ ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ നീരവ് മോദിയെ ഇന്നലെ രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള നീരവ് മോദിക്കെതിരെ വഞ്ചന,​ പണം തട്ടിപ്പ്,​ കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള നിയമനടപടികളുടെ തുടക്കമാണ് അറസ്റ്റ്. ഇയാളെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ബ്രിട്ടന് നൽകിയത്. അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് അംഗീകരിച്ച് ഈ മാസം ആദ്യം വെസ്റ്റ് മിൻസ്റ്റർ കോടതിക്ക് വിട്ടിരുന്നു. കോടതി കഴിഞ്ഞ ആഴ്‌ച വാറണ്ട് പുറപ്പെടുവിച്ചെങ്കിലും തിങ്കളാഴ്‌ചയാണ് ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്. പ്രതിയെ ഇന്ത്യയ്‌ക്ക് കൈമാറാൻ തക്ക കുറ്റകൃത്യം ഉണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിന്റെ തെളിവാണ് അറസ്റ്റ് വാറണ്ട്. കഴിഞ്ഞ വർഷം ജൂണിൽ നീരവ് മോദിയും അമ്മാവൻ മെഹുൾ ചോക്‌സിയും ഉൾപ്പെടെ മൂന്നു പേർക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *