പ്രിയങ്കയുടെ ഗംഗ പ്രയാണത്തിന് തുടക്കം

ലക്നൗ:  ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര ആരംഭിച്ചു. ലക്നൗവിലെ പാർട്ടി ഓഫിസിൽ പാർട്ടി പ്രവർത്തകരെയും മദ്രസ, അങ്കണവാടി ജീവനക്കാരെയും സന്ദർശിച്ചതിനുശേഷമാണ് പ്രിയങ്ക ഗംഗാ യാത്ര തുടങ്ങിയത്. ‘ദഹിപ്പിക്കൂ മോദിയുടെ ലങ്ക, സഹോദരി പ്രിയങ്ക, സഹോദരി പ്രിയങ്ക’ എന്ന വാക്കുകൾ അലയടിക്കുകയായിരുന്നു ലക്നൗവിലെവിടെയും.

പ്രയാഗ്‌രാജ് മുതൽ വാരാണസി വരെയാണ് യാത്ര. ഇതിൽ 140 കിലോമീറ്റര്‍ ബോട്ടിൽ യാത്ര ചെയ്യും. 4 ദിവസത്തെ സന്ദർശനത്തിനു ലക്നൗവിൽ എ‌ത്തിയതിനു പിന്നാലെ, യുപി ജനതയ്ക്കായി അവർ ഹിന്ദിയിലെഴുതിയ തുറന്ന കത്ത് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഗംഗയുടെയും അതിന്റെ കരയിലെ ജനങ്ങളുടെയും സങ്കടം പ്രചാരണ വിഷയമാകുമെന്നാണു കത്തിലെ സൂചന. ഗംഗാശുചീകരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സർക്കാർ തന്നെ ഉന്നം. ജലം, ബസ്, ട്രെയിൻ തുടങ്ങി കാൽനടയായി വരെ, സാധാരണക്കാർ ഉപ‌യോഗിക്കുന്ന സകല വഴികളിലൂടെയും താനെത്തുമെന്നും പ്രിയങ്കയുടെ കത്തിലുണ്ട്.

ഇന്നുവരെ യുപി കാണാത്ത നാടകീയ പ്രചാരണ രീതിയാണു പ്രിയങ്കയുടേത്. ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളിൽ ഒബിസി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങളാണു തിങ്ങിപ്പാർക്കുന്നത്. യാത്രയ്ക്കിടെ പ്രധാന ക്ഷേത്രങ്ങളിൽ നടത്തുന്ന സ‍ന്ദർശനങ്ങളിലുമുണ്ടാകും രാഷ്ട്രീയ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *