ഗോവയില്‍ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രി

പനജി:  ഗോവ നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയാകും. ഇതോടൊപ്പം രണ്ട് ഘടകകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകും. പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞ ഇന്നു രാത്രി തന്നെ നടക്കുമെന്നാണു വിവരം. ഗോവയില്‍ സർക്കാർ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പുതിയ മുഖ്യമന്ത്രിയുമായി ബിജെപി നീക്കം നടത്തുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ പുതിയ മുഖ്യമന്ത്രിയെ കിട്ടുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൽക്കർ പറഞ്ഞത്. ഇതേ തുടർന്നു വൈകിട്ടോടെ പ്രമോദ് സാവന്തിന്റെ പേര് വിനയ് തെൻഡുൽക്കർ പ്രഖ്യാപിച്ചു. മനോഹർ പരീക്കറിന്റെ നിര്യാണത്തെ തുടർന്നാണു പുതിയ മുഖ്യമന്ത്രിയെ ബിജെപി നേതൃത്വം കണ്ടെത്തിയത്.ഗോവയിലെ ബിജെപിയുടെ സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) എന്നീ കക്ഷികൾക്കാണു ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നൽകി ബിജെപി തൃപ്തിപ്പെടുത്തിയത്. പ്രമോദ് സാവന്തിന്റെ പേര് ആദ്യം അംഗീകരിക്കാൻ ഇരു പാർട്ടികളും തയാറായിരുന്നില്ല.

സർക്കാർ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗോവയിലെ കോൺഗ്രസ് നിയമസഭാംഗങ്ങൾ ഗവർണർ മൃദുല സിൻഹയെ കണ്ടിരുന്നു. സർക്കാർ രൂപീകരിക്കുന്നതിനു ഗവർണർ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് രാജ്ഭവനിലേക്കു നേരിട്ടുചെന്നതെന്നു പ്രതിപക്ഷ നേതൃത്വം വ്യക്തമാക്കി. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് രണ്ട് വട്ടം ഗവർണർക്കു കത്ത് നൽകിയിരുന്നു. 40 അംഗ സഭയിൽ 14 എംഎൽഎമാരുള്ള കോൺഗ്രസിനാണു ഭൂരിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *