ഓപ്പറേഷൻ ബോൾട്ട്; ആദ്യദിനം 422 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്

തിരുവനന്തപുരം; തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും, മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ചെയ്യുന്നതിന് വേണ്ടി സിറ്റി  പോലീസ് ആരംഭിച്ച ഓപ്പറേഷന്‍ ബോള്‍ട്ടിൽ ആദ്യദിനം 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഫലമായി നഗരത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ241 റെയിഡില്‍ 41 പേരെ അറസ്റ്റ് ചെയ്തു. പോലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പോലീസിന് കീഴിലെ 41 സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി  അറസ്റ്റ് ചെയ്തു.  1250 ഓളം വാഹനങ്ങളും പോലീസ് പരിശോധിച്ചു.  രാത്രി വൈകിയും സിറ്റി  പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്. പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായി പരിശോധനകള്‍ തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.

തലസ്ഥാനത്ത് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായി ആക്ഷേപമുയർന്നിരുന്നു. കഞ്ചാവുമായി നിരവധി ചെറുപ്പക്കാർ അടുത്തയിടെ പൊലീസ് പിടിയിലായിരുന്നു.

അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് യുവാക്കൾ വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങൾക്ക് പിന്നിൽ കഞ്ചാവ്-ലഹരിമരുന്ന് മാഫിയകളുടെ സാന്നിദ്ധ്യം സംശയിക്കപ്പെട്ടിരുന്നു.

അക്രമികൾ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ പൊലീസ് നിഷ്ക്രിയമാകുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ ബോൾട്ടിന് പൊലീസ് രൂപം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *