പൊള്ളാച്ചി പീഡനം: പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണം

ചെന്നൈ: പൊള്ളാച്ചി പീഡന സംഭവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ പ്രചരിക്കുന്ന എല്ലാ വിഡിയോകളും നീക്കം ചെയ്യണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. പ്രതികൾ യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി. പരാതി നൽകിയ പെൺകുട്ടിയുടെ വിവരങ്ങൾ സർക്കാർ ഉത്തരവിൽ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ വിവരങ്ങൾ സർക്കാർ, കോടതി രേഖകളിൽ അടക്കം രഹസ്യമായി സൂക്ഷിക്കണമെന്നു സുപ്രീംകോടതി ഉത്തരവുണ്ടെന്നും പൊള്ളാച്ചി സംഭവത്തിൽ ഇതു പാലിക്കപ്പെട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

പീഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വിവരങ്ങൾ പൊള്ളാച്ചി എസ്പി പാണ്ഡ്യരാജൻ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും ഹർജിയിൽ ചൂണ്ടിക്കാട്ടി. പീഡനക്കേസുകൾ വേഗത്തിൽ അന്വേഷിച്ചു തീർപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പീഡനക്കേസുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി നിർദേശങ്ങൾ തമിഴ്നാട് പൊലീസ് പാലിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു

ഹർജിക്കാരന്റെ വാദം അംഗീകരിച്ച കോടതി സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും ഇന്റർനെറ്റിൽ നിന്നു നീക്കം ചെയ്യാൻ സർക്കാരിനു നിർദേശം നൽകി. പരാതി നൽകിയ പെൺകുട്ടിയുടെ വിവരങ്ങൾ സർക്കാർ ഉത്തരവിൽ കടന്നുകൂടിയതു വീഴ്ചയാണ്. ഉത്തരവു പിൻവലിച്ചു പുതിയ ഉത്തരവു പുറത്തിറക്കണം. കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സർക്കാർ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നാണു കരുതുന്നത്. ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നതു തടയാൻ പൊതുജങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തണം. ഇന്റർനെറ്റിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു സ്കൂളുകളിൽ പഠിപ്പിക്കണം. ഇത് പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കൃപാകരൻ ജസ്റ്റിസ് എസ്.സുന്ദർ എന്നിവർ പറഞ്ഞു. കേസ് ചെന്നൈയിലെ മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ചിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *