മ്യാന്മർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക്

ന്യൂഡൽഹി : മ്യാന്മർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും. അതിർത്തിയിലെ നാഗാ , അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ- മ്യാന്മർ സൈന്യം സംയുക്തമായി ആക്രമണം നടത്തിയത്. മിസോറം – അരുണാചൽ അതിർത്തിയിലായിരുന്നു ഓപ്പറേഷൻ. ഇന്ത്യൻ സൈന്യത്തിലെ സ്പെഷ്യൽ ഫോഴ്സസും അസം റൈഫിൾസും മറ്റ് സൈനിക ഗ്രൂപ്പുകളും ആക്രമണത്തിൽ പങ്കെടുത്തു. ഹെലികോപ്ടറുകളും ഡ്രോണുകളും ആക്രമണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

കലാദൻ പദ്ധതിക്കെതിരെയുള്ള അരക്കൻ – എൻ.എസ്.സി.എൻ ഭീകര പ്രവർത്തനങ്ങൾക്ക് ചൈനയുടെ ശക്തമായ പിന്തുണയുള്ളതായി റിപ്പോർട്ടുകളുണ്ട്. മുന്നൂറോളം വരുന്ന ഭീകരരെയാണ് ചൈന പരിശീലനം നൽകി അരുണാചൽ – മിസോറം അതിർത്തിയിലേക്ക് വിന്യസിച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക നീക്കം നടന്നത്.

മ്യാന്മർ ഭീകര സംഘടനയായ അരക്കൻ ആർമിയുടേയും നാഗാ തീവ്രവാദ സംഘമായ എൻ.എസ്.സി.എൻ കപ്ലാംഗ് വിഭാഗത്തിന്റെയും ഭീകര കേന്രങ്ങൾക്ക് നേരേയായിരുന്നു ഓപ്പറേഷൻ. ഫെബ്രുവരി 17 മുതൽ മാർച്ച് 2 വരെ രണ്ടു ഘട്ടങ്ങളിലായിരുന്നു സൈനിക നീക്കം.

മിസോറാം അതിർത്തിയിൽ അരക്കൻ ആർമി ഭീകര കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. മ്യാന്മറിലെ മറ്റൊരു ഭീകര സംഘടനയായ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിയായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. ഇവർക്കെതിരെയായിരുന്നു ആദ്യ ഘട്ട സൈനിക നീക്കം.

രണ്ടാം ഘട്ടം നടന്നത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം – കപ്ലാംഗ് വിഭാഗത്തിനെതിരെയായിരുന്നു. മ്യാന്മറിലെ സഗയാംഗിലെ ടാഗയിലായിരുന്നു സൈനിക നീക്കം. നിരവധി നാഗാ തീവ്രവാദികൾ സൈന്യത്തിന്റെ പിടിയിലായതായാണ് റിപ്പോർട്ട്.

കൊൽക്കത്തയിൽ നിന്ന് മിസോറാമിലേക്കുള്ള ദൂരം ആയിരം കിലോമീറ്റർ കണ്ട് കുറയ്ക്കുന്ന കലാദൻ പദ്ധതിയ്ക്കുള്ള തടസ്സം ദേശീയ സുരക്ഷയെക്കൂടി ബാധിക്കുന്നതായിരുന്നു.ഇതെത്തുടർന്നാണ് ഇന്ത്യൻ സൈന്യം മ്യാന്മർ സൈന്യവുമായി ചേർന്ന് സംയുക്ത ആക്രമണം നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *