മസൂദ് അസറിനെതിരെ രാജ്യാന്തര സമൂഹം ഇന്ത്യയ്ക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനുമായ മസൂദ് അസറിനെതിരെ രാജ്യാന്തര സമൂഹം ഇന്ത്യയ്ക്കൊപ്പമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ നൽകിയെന്ന് അവർ കൂട്ടിച്ചേർത്തു.

മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അവതരിപ്പിച്ച യു.എൻ പ്രമേയത്തിന് 15 പേരിൽ നിന്ന് 14 പേരുടെ പിന്തുണ ലഭിച്ചെന്ന് സുഷമ സ്വരാജ് അറിയിച്ചു. യു.പി.എയുടെ ഭരണകാലത്ത് ഇക്കാര്യത്തിൽ ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എൻ പ്രമേയത്തെ ചൈന എതിർത്തതോടെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ രംഗത്തെത്തി.തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികൾ മരവിപ്പിക്കാൻ ഫ്രാൻസ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് യൂറോപ്യൻ യൂണിയൻ തയാറാക്കുന്ന പട്ടികയിൽ മസൂദിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫ്രാൻസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *