കര്‍ണ്ണാടക ഉപതിരെഞ്ഞെടുപ്പ്: കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ചുനേരിടും

ബംഗളൂരു: കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നേരിടാൻ കോൺഗ്രസും ജെഡിഎസും തീരുമാനിച്ചു. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ സീറ്റുകളിലും സംയുക്ത സ്ഥാനാർത്ഥി മത്സരിക്കുമെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചു.

പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ  സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് ആശയക്കുഴപ്പങ്ങളില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഒന്നിച്ചുനിന്ന് കോൺഗ്രസും ജെഡിഎസും നേരിടുന്ന വലിയ തെരഞ്ഞെടുപ്പാണിത്. നാല് മാസം തികച്ച സഖ്യത്തിന് ബിജെപി ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനായാൽ നേട്ടമാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം താത്കാലികമല്ലെന്ന് തെളിയിക്കുകയും വേണം. വിമതനീക്കങ്ങളെ ചെറുക്കാനും വലിയ വിജയം അനിവാര്യം. മാണ്ഡ്യയിലും രാമനഗരയിലും പ്രതീക്ഷവെയ്ക്കാത്ത ബിജെപിക്ക് സിറ്റിങ് സീറ്റുകളിൽ വോട്ട് കുറയാതെ നോക്കുകയാണ് വെല്ലുവിളി.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാണ് ബിജെപി ശ്രമം. ദേശീയ തലത്തിലെ വിശാല സഖ്യ നീക്കങ്ങൾക്ക് തറക്കല്ലുപാകിയ കർണാടകത്തിൽ കോൺഗ്രസിനും ജെഡിഎസിനും നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്. ബിജെപി നേതാക്കളായ ബി.എസ്. യെദ്യൂരപ്പയും ബി. ശ്രീരാമലുവും എംഎൽഎമാരായപ്പോൾ ഒഴിവുവന്ന സീറ്റുകളാണ് ശിവമൊഗയും ബെളളാരിയും. ജെഡിഎസിലെ സി.എസ്. പുട്ടരാജു മന്ത്രിയായപ്പോൾ മാണ്ഡ്യയും തെരഞ്ഞെടുപ്പിലേക്കെത്തി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ച രാമനഗരയും വാഹനാപകടത്തിൽ കോൺഗ്രസ് എംഎൽഎ സിദ്ധനാമ ഗൗഡ മരിച്ച ജംഖണ്ഡിയും ഉപതരെഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *