ശബരിമല: സര്‍ക്കാര്‍ തീരുമാനങ്ങൾക്ക് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ

ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങൾക്ക് സിപിഎം കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകളോടുള്ള വിവേചനം പാടില്ലെന്നും ആരാധനാലയങ്ങളിലടക്കം എല്ലാവര്‍ക്കും തുല്യപരിഗണന കിട്ടണമെന്നും കേന്ദ്ര കമ്മിറ്റി യോഗം വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി തന്ത്രി കുടുംബവുമായി തിങ്കളാഴ്ച ചർച്ച നടത്തുന്നുണ്ട്. വിഷയത്തില്‍ ഒരുപാട് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമവായ ചര്‍ച്ച. മുസ്ലീം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിരുന്നു.

ഈ നിലപാടിനാണ് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയുടെ പിന്തുണയും ലഭിച്ചിരിക്കുന്നത്. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാരിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. എന്നാൽ, ആശങ്ക ഉന്നയിച്ചവരെ കേൾക്കണമെന്നാണ് പുതിയ തീരുമാനം.

ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചർച്ച നടത്താൻ തീരുമാനിച്ചു. കോൺഗ്രസും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് സിപിഎം ഗൗരവമായി കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *