മോദിയോട് ശരിക്കും സ്‌നേഹമെന്ന് രാഹുല്‍

ചെന്നൈ: ശരിക്കും എനിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമാണ്, പറയുന്നതു കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ആ സ്നേഹം പ്രകടിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റെല്ലാ മാരിസ് കോളജിൽ 3000 വിദ്യാർഥിനികളുമായുള്ള സംവാദത്തിനിടെയാണ്  പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച  രഹസ്യം  രാഹുൽ ഗാന്ധി പുറത്തുവിട്ടത്.

‘‘പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതു ഞാൻ നന്നായി ശ്രദ്ധിച്ചു. അദ്ദേഹത്തോടു വ്യക്തിപരമായി എനിക്ക് ഒരു ശത്രുതയുമില്ല. അന്ന് അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു, കോൺഗ്രസിനെതിരെ വളരെ മോശമായി സംസാരിച്ചു. പക്ഷേ, എന്റെ ഉള്ളിൽ അദ്ദേഹത്തോടു വാൽസല്യവും സ്നേഹവും തോന്നി. ഈ മനുഷ്യനു ലോകത്തിന്റെ സൗന്ദര്യം കാണാൻ കഴിയുന്നില്ലല്ലോ എന്നും എന്റെ ഉള്ളിൽ തോന്നിയ സ്നേഹം പ്രകടിപ്പിക്കണമെന്നും തോന്നി. യഥാർഥത്തിൽ എന്റെ മനസ്സിൽ മോദിയോടു സ്നേഹമാണ്,’’ നിറഞ്ഞ കയ്യടികൾക്കിടയിൽ രാഹുൽ പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുൽ നൽകിയത്. ഇത് കയ്യടിച്ചും ആർപ്പുവിളിച്ചും വിദ്യാർഥിനികൾ വരവേറ്റു. പ്രത്യേകം തയാറാക്കിയ റാംപിലൂടെ വിദ്യാർഥിനികൾക്കിടയിലേക്കു കടന്നു ചെന്ന് ഉത്തരങ്ങൾ നൽകി. സർ, എന്നതിനു പകരം രാഹുൽ എന്നു വിളിക്കുമോ എന്ന് ഒരു വിദ്യാർഥിനിയോട് രാഹുൽ ചോദിച്ചു. വനിതാ സംവരണ ബിൽ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *