ശബരിമല വിഷയം ഒരു പാര്‍ട്ടിയും മിണ്ടരുത്‌ : ടിക്കാറാം മീണ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

മതപരമായ ചൂഷണത്തിലൂടെ വർഗീയത ഇളക്കി വിട്ട് വോട്ട് തേടുന്നത് ചട്ടലംഘനമായി കണക്കാക്കി നടപടിയെടുക്കും. ജാതി, മതസ്പർദ്ധ വളർത്തുന്ന പ്രചാരണം പെരുമാറ്റച്ചട്ടത്തിനെതിരാണ്. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കർശന നിർദ്ദേശം നൽകും.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിത പ്രോട്ടോക്കോൾ കർശനമാക്കും. ഫ്ലക്സ് ഉപയോഗിക്കുന്നത് വിലക്കുന്നതടക്കം കർശന നിർദ്ദേശങ്ങൾ നൽകും. കേരളത്തിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്തിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചട്ടലംഘനം എവിടെയെങ്കിലും കണ്ടെത്തിയാൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു.

പെരുമാറ്റച്ചട്ട ലംഘനം കണ്ടാൽ പൊതുജനങ്ങൾക്ക് സി-വിജിൽ ആപ്പ് മുഖേന കമ്മിഷനെ വിവരമറിയിക്കാം. രണ്ട് മിനിട്ട് വരെയുള്ള വീഡിയോ ഇതിൽ അപ്‌ലോഡ് ചെയ്യാം. ഫോൺ നമ്പർ നൽകിയാൽ നടപടി സ്വീകരിച്ചതിന്റെ വിവരം അറിയിക്കും.18004251965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പർ.

Leave a Reply

Your email address will not be published. Required fields are marked *