സുപ്രീം കോടതി വിധി ശബരിമല ക്ഷേത്രത്തിന്‍റെ നാശത്തിനാണെന്നു തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട:സുപ്രീം കോടതി വിധിയ്ക്ക് പിന്നിൽ നിരവധി അടിയൊഴുക്കുകൾ ഉണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവര്. സുപ്രീം കോടതി വിധി ശബരിമല ക്ഷേത്രത്തിന്‍റെ നാശത്തിനാണെന്നും ചൈതന്യം നഷ്ടപ്പെടുമെന്നും കണ്ഠരര് രാജീവര് പറഞ്ഞു. ശബരിമലയിൽ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്ത്രി ചോദിച്ചു.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ  തന്ത്രികുടുംബവും എൻഎസ്എസും പന്തളം കൊട്ടാര പ്രതിനിധികളും ഒരുമിച്ച് പരസ്യപ്രതിഷേധത്തിനിറങ്ങി. ബിജെപിയും പ്രത്യക്ഷസമരത്തിലേക്കെന്ന് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ടയിൽ പാർട്ടി ഹർത്താൽ നടത്തും. സ്ത്രീപ്രവേശനത്തിൽ മുഖ്യമന്ത്രി സമവായ ചർച്ച വിളിക്കുമ്പോഴാണ്  വിധിക്കെതിരായ പ്രതിഷേധത്തിൽ വിവിധ സംഘടനകൾ കൈകോർക്കുന്നത്.

സംഘപരിവാർ സംഘടനകളെക്കാൾ ഒരുപടി കടന്ന് എൻഎസ്എസ് വിധിക്കെതിരെ പരസ്യ നിലപാടെടുത്തു. ചങ്ങനാശ്ശേരിയിൽ എൻഎസ്എസ് ഒരുക്കിയ പ്രതിഷേധത്തിൽ പലകാര്യങ്ങളിലും സംഘടനമായുള്ള ഭിന്നത മറന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാര പ്രതിനിധികളും യോഗക്ഷേമസഭയും പിന്തുണയുമായെത്തി.

സർക്കാരിനും വിധിക്കുമെതിരെ സമരത്തിനൊരുങ്ങുന്ന ബിജെപിയിലെ ഭിന്നത ഒരിക്കൽകൂടി പുറത്തായിരിക്കുകയാണ്. പട്ടാളത്തെ വിളിച്ചെങ്കിലും വിധി നടപ്പാക്കണമെന്ന നിലപാടാണ് സുബ്രഹ്മണ്യം സ്വാമിക്ക്. എന്നാൽ സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട് തള്ളിയ സംസ്ഥാന നേതൃത്വം അടുത്ത കോർകമ്മിറി കൂടുതൽ ശക്തമായ സമരങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. അതിനിടെ ദേവസ്വം പ്രസിഡണ്ടിന്‍റെ വീട്ടിലേക്ക് നടന്ന യുമോർച്ച മാർച്ചില്‍ സംഘർഷമുണ്ടായി. പൊലീസ് നടപടയിൽ പ്രതിഷേധിച്ചാണ് പത്തനംതിട്ടയിലെ ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *