20 രൂപ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് ആദ്യമായി 20 രൂപ നാണയം പുറത്തിറക്കി. 12 വശങ്ങളുള്ള നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കാഴ്‍ച പ്രശ്നങ്ങളുള്ളവർക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ളതാണു പുതിയ നാണയങ്ങൾ. 10 രൂപ നാണയം പോലെ 27 മില്ലിമീറ്ററാണ് 20 രൂപയുടെയും വ്യാസം. 8.54 ഗ്രാം ആണു ഭാരം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണു നാണയം രൂപകൽപന ചെയ്തത്.

അകത്തും പുറത്തുമായി 65–75 ശതമാനം ചെമ്പ്, 15-20 ശതമാനം നാകം, 5– 20 ശതമാനം നിക്കൽ എന്നിങ്ങനെയാണു നാണയത്തിന്റെ ലോഹമിശ്രിതം. അശോക സ്തംഭത്തിലെ സിംഹത്തലയാണു നാണയത്തിന്റെ മുഖവശം. സത്യമേവ ജയതേ, ഭാരത്, ഇന്ത്യ എന്നിവ ഇംഗ്ലിഷിലും ഹിന്ദിയിലുമായി ആലേഖനം ചെയ്യും. രാജ്യത്തെ കാർഷിക പാരമ്പര്യം അടയാളപ്പെടുത്തുന്ന ചിത്രവും നാണയത്തിന്റെ മൂല്യവും രേഖപ്പെടുത്തും. 10 രൂപയുടേതു പോലെ അറ്റങ്ങളിൽ പ്രത്യേക അടയാളങ്ങളുണ്ടാകില്ല. കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ നാണയങ്ങളുടെ പുതിയ സീരിസ് ഇറക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *