സ്‌പിന്നിംഗ് മിൽ ഉദ്ഘാടനത്തിനു ഗണപതി ഹോമം നടത്തി; എം.ഡിയെ മാറ്റി

കണ്ണൂർ: കണ്ണൂർ പിണറായിയിലെ സർക്കാർ സ്‌പിന്നിംഗ് മിൽ ഉദ്ഘാടനത്തിനു മുന്നോടിയായി ഗണപതി ഹോമം നടത്തിയ സംഭവത്തിൽ ധർമടം പിണറായി ഹൈടെക് വീവിംഗ് മിൽ എം.ഡിയ്ക്കെതിരെ നടപടി. എം.ഡി എം.ഗണേഷിനെ നീക്കി പകരം കൈത്തറി ഡയറക്ടർ കെ.സുധീറിന് ചുമതല നൽകി.

ഫെബ്രുവരി 28നാണ് വ്യവസായ മന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപേ പിണറായി സ്‌പിന്നിംഗ് മില്ലിൽ പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിൽ ഹോമം നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സർക്കാർ പദ്ധതി ഉദ്ഘടനത്തിനു മുൻപേ ഹോമം നടത്തിയത് വിവാദമായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി, മന്ത്രി ഇ.പി.ജയരാജനുമായി ചർച്ച നടത്തി. ഈ ചർച്ചയിലാണ് എം.ഡിയെ മാറ്റുവാൻ തീരുമാനമായത്.

സംസ്ഥാന ടെക്‌സ്റ്റൈൽ കോർപ്പറേഷന് കീഴിൽ വരുന്ന ഏഴ് സ്പിന്നിംഗ് മില്ലുകൾ, ഒരു പരിശോധനാ ലാബ്, വ്യവസായ വകുപ്പിന് കീഴിലെ രണ്ട് സ്പിന്നിങ് മില്ലുകൾ എന്നിവയടക്കം പത്ത് സ്ഥാപനങ്ങളുടെ ചുമതലയാണ് എം.ഗണേഷിനുണ്ടായിരുന്നത്. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തെ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *