കേന്ദ്ര സംസ്ഥാന രാഷ്ട്രീയം യു.ഡി.എഫിന് അനുകൂലം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന രാഷ്ട്രീയം യു.ഡി.എഫിന് അനുകൂലമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. കെ.പി.സി.സി മാധ്യമ ഏകോപന സമിതി സംഘടിപ്പിച്ച ശില്‍പ്പശാല ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങളെ വഞ്ചിച്ചു. വോട്ട് രാഷ്ട്രീയംമാത്രമാണ് ഇരുവരുടേയും ലക്ഷ്യം. മോദിയും പിണറായിയും പരാജയപ്പെട്ട ഭരാണാധികാരികളാണ്. മോദി അധികാരത്തിലെത്തിയപ്പോഴുള്ള സ്ഥിതിയല്ല കേന്ദ്രത്തില്‍. പ്രതിച്ഛായ പൂര്‍ണ്ണമായും നഷ്ടമായി. അഞ്ച് വര്‍ഷം കൊണ്ട് പത്തുകോടി തൊഴില്‍ അവസരം വാഗ്ദാനം ചെയ്തിട്ട് നോട്ടുനിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. സാഹചര്യമുണ്ടായിട്ടും ഇന്ധവില കുറയ്ക്കാന്‍ മോദി തയ്യാറായില്ലെന്ന് മാത്രമല്ല ഏഴുതവണ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു.
ചിതറയില്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.പി.എമ്മിന്റെ പങ്ക് മറപിടിക്കാന്‍ ഉപയോഗിച്ചതിന്റെ പേരില്‍ അവര്‍ സ്വയം അപഹാസ്യമായി.ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തെ സഹിഷ്ണുതയോടെ കാണണം. വിമര്‍ശകരെ സംസ്ഥാന സര്‍ക്കാര്‍ അസഹിഷ്ണുതയോടെയാണ് നേരിടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ദുര്‍ഭരണത്തില്‍ മടുത്ത ജനങ്ങള്‍ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ അത് ബി.ജെ.പിക്കും സി പി എമ്മിനും എതിരായിട്ടായിരിക്കുമെന്ന് മുന്‍ കെ.പി.സി സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള ഏറ്റവും വലിയ അഴിമതിയാണ് വിമാനത്താവളത്തിന്റെ കച്ചവടം. ഒരു വശത്ത് ബി ജെ പി വര്‍ഗ്ഗീയത പറഞ്ഞ് ആളെ കൊല്ലുപ്പോള്‍ മറുവശത്ത് സി പി എം രാഷ്ട്രീയ കൊലപാതകമാണ് നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.
മൂന്ന് വര്‍ഷം ഭരിച്ച് ഒന്നും ചെയ്യാത്ത പിണറായി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തറക്കല്ലിടല്‍ മാത്രമാണ് ചെയ്യുന്നതെന്ന് കെ.പി.സി.സി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.മുരളീധരന്‍.ഭരണ നേട്ടം ഒന്നും പറയാന്‍ ഇല്ലാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ശബ്ദം പോകുകയും പാര്‍ട്ടി പരിപാടികളില്‍ ശബ്ദം തിരികെ വരുകയും ചെയ്യുന്നുവെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.
പിണറായി വിജയന്റെ ഭരണത്തില്‍ നവോത്ഥാനവും നവകേരള നിര്‍മ്മാണവുമല്ല സംസ്ഥാനത്ത് നടക്കുന്നത് നരഹത്യമാത്രമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.
വര്‍ഗീയതെക്കിതിരേയും അക്രമകൊലപാതക രാഷ്ട്രീയത്തിനു മെതിരെയുമുള്ള വിധിയെഴുത്തായിരിക്കണം കേരള ജനതയുടേതെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.ശിവകുമാര്‍ പറഞ്ഞു.
കെ.പി.സി.സി മാധ്യമ ഏകോപന സമിതി ചെയര്‍മാന്‍ പാലോട് രവി അധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി സി പ്രസിഡന്റ് വി.എം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.മുരളീധരന്‍,യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍,പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.ശിവകുമാര്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍,മാധ്യമ ഏകോപന സമിതി കണ്‍വീനര്‍ വിജയന്‍ തോമസ്, മുന്‍മന്ത്രി പന്തളം സുധാകരന്‍, ജി.വി.ഹരി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *