എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിങ് ചീഫ്‌

ന്യൂഡല്‍ഹി: കണ്ണൂര്‍ കാടാച്ചിറ സ്വദേശിയും കിഴക്കന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ പുതിയ കമാന്‍ഡിങ് ചീഫായി നിയമിച്ചു. മലയാളിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോയെന്നാണ് വിശേഷിപ്പിക്കുന്നത്. കാര്‍ഗില്‍ യുദ്ധസമയത്ത് ലേസറുകളാല്‍ നിയന്ത്രിക്കുന്ന ബോംബുകള്‍ വര്‍ഷിച്ച് പാകിസ്ഥാനെ നേരിട്ടതിനാലാണ് ഇദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ വ്യോമസേനയിലെ മിറാഷ് 2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ സമയം പറത്തിയ റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 2300 മണിക്കൂര്‍ മിറാഷ് യുദ്ധവിമാനങ്ങല്‍ പറത്തിയാണ് എയര്‍മാര്‍ഷല്‍ രഘുനാഥ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

1981 ലാണ് ഇദ്ദേഹം വ്യോമസേനയില്‍ പ്രവേശിച്ചത്. മിറാഷ് 2000 സ്‌ക്വാഡ്‌റോണില്‍ ഫ്‌ളൈറ്റ് കമാന്‍ഡറായും എയര്‍ക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റില്‍ ഫ്‌ളൈറ്റ് ടെസ്റ്റ് സ്‌ക്വാഡറോണ്‍ കമാന്‍ഡിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ 228 വിമാനത്തിന്റെ പൈലറ്റും എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *