ആഗോള നയതന്ത്രത്തിൽ പാകിസ്ഥാൻ മെരുങ്ങി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വച്ച് വിലപേശാൻ പാകിസ്ഥാന് അവസരം നൽകാതെ മോചനം ഉറപ്പാക്കിയത് ഇന്ത്യ നയതന്ത്രതലത്തിലും നേരിട്ടും ചെലുത്തിയ സമ്മർദ്ദത്തെ തുടർന്നാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെയും ഇടപെടലും നിർണായകമായി.

അഭിനന്ദനെ വച്ചുള്ള ഒരു വിലപേശലും അനുവദിക്കില്ലെന്നും നിരുപാധികം വിട്ടയ്‌ക്കണമെന്നും ഇന്ത്യ അസന്നിഗ്ദ്ധമായി പറഞ്ഞിരുന്നു. ഇസ്ളാമബാദിലെ ഇന്ത്യൻ കോൺസലിൽ അഭയം നൽകണമെന്നും ആവശ്യപ്പെട്ടില്ല. അഭിനന്ദനെ മർദ്ദിക്കുന്ന വീഡിയോ വൈറലായതും ഇന്ത്യ നയതന്ത്ര തലത്തിൽ നന്നായി വിനിയോഗിച്ചു. അതേസമയം ഇന്ത്യയിൽ അതുമായി ബന്ധപ്പെട്ട പതിനൊന്ന് വീഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.യു.എസ്, ഫ്രാൻസ്, ചൈന, റഷ്യ, യുകെ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ കണ്ട വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പാകിസ്ഥാൻ ബുധനാഴ്ച രാവിലെ അതിർത്തി കടന്നാക്രമിച്ചതും പൈലറ്റിനെ ബന്ദിയാക്കിയതും ധരിപ്പിച്ചിരുന്നു. ജർമ്മനി, ഡൊമിനിക്കൻ റിപ്പബ്ളിക്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും വിദേശകാര്യ മന്ത്രാലയത്തിൽ വിളിപ്പിച്ചു. ഇന്ത്യയുടെ പ്രതികാരം തണുപ്പിക്കാൻ പാകിസ്ഥാൻ നടത്തുമായിരുന്ന വിലപേശൽ നീക്കങ്ങളാണ് പെട്ടെന്നുള്ള മോചനത്തിലൂടെ അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *