വിഴിഞ്ഞത്ത് പുലിമുട്ട് നിര്‍മ്മാണം പുനരാരംഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണ സ്ഥലത്ത് കരിങ്കല്ല് എത്തിയതോടെ പുലിമുട്ട് നിര്‍മ്മാണം പുനരാരംഭിച്ചു. തൂത്തുക്കുടിയില്‍ നിന്നും ബാര്‍ജ് മുഖാന്തിരം എത്തിച്ച 6000 ടണ്‍ കരിങ്കല്ല് നിക്ഷേപിച്ചാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഇന്ന് 30,000 മെട്രിക് ടണ്‍ കരിങ്കല്ലുമായി ഗുജറാത്തിലെ മുംദ്ര തുറമുഖത്തു നിന്ന് എം വി പ്രൊപ്പല്‍ പ്രോഗ്രസ് എന്ന ചരക്കു കപ്പല്‍ വിഴിഞ്ഞത്തടുക്കും.

പിന്നാലെ തൂത്തുക്കുടിയില്‍ നിന്നും കല്ല് എത്തിക്കും. ബോട്ടം ഓപ്പണ്‍ ബാര്‍ജ് മുഖാന്തിരം കടലില്‍ നിന്നുമാണ് നേരിട്ട് കല്ല് നിക്ഷേപിക്കുന്നത്. 20 മീറ്ററോളം ആഴത്തില്‍ കല്ലുകള്‍ നിക്ഷേപിക്കും. കല്ല് നിഷേപത്തിനായി ‘സീ പാര’ എന്ന പ്ലേസ്!മെന്റ് ബാര്‍ജ് നേരത്തെ എത്തിച്ചിരുന്നു. ജിപിഎസ് അടക്കമുളള ആധുനിക സംവിധാനം ഉപേയാഗിച്ചാണ് കല്ല് നിക്ഷേപം.

കഴിഞ്ഞദിവസം ടിയാന്‍ ജെന്‍ എന്ന ബാര്‍ജില്‍ എത്തിച്ച കല്ല് ജെസിബിയുടെ സഹായത്തോടെയാണ് നിക്ഷേപിച്ചു തുടങ്ങിയത്. കടലിന്റെ അടിത്തട്ടില്‍ 120 മീറ്റര്‍ വീതിയില്‍ 10 മുതല്‍ 500 കിലോഗ്രാം തൂക്കമുള്ള കല്ലുകളാണ് പ്രത്യേക രീതിയില്‍ നിക്ഷേപിക്കുന്നത്. അടിത്തട്ടില്‍ നിന്നും കടല്‍നിരപ്പിലേക്ക് എത്തുമ്പോള്‍ വീതി കുറഞ്ഞ് 10 മീറ്ററാകും. ഇതിനു വശങ്ങളിലായി അക്രോ പോഡുകള്‍ നിക്ഷേപിച്ച് പുലിമുട്ടിനെ തിരയില്‍ നിന്നും സംരക്ഷിക്കും. ആകെ 3.1 മീറ്റര്‍ നീളമുള്ള പുലിമുട്ട് 2 മീറ്റര്‍ എത്തുമ്പോള്‍ ഇടതുവശത്തേക്ക് ചരിഞ്ഞാണ് പോകുന്നത്. പുലിമുട്ട്, ബെര്‍ത്ത് പൈല്‍ സംരക്ഷണം എന്നിവയ്ക്കായി 70 ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി വീക്ഷിക്കുന്നതിനായി തുറമുഖ വകുപ്പ് മന്ത്രി ഇന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *