കോടിയേരിയുടേയും സി.പി.എമ്മിന്റേയും ഭീഷണി എന്‍എസ്എസിനോട് വേണ്ടെന്ന് ബിജെപി

തിരുവനന്തപുരം: സിപിഎമ്മിന്റെ ഭീഷണി എൻഎസിനോട് വേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സര്‍വ സ്വാതന്ത്ര്യവും ഒരു സ്വാതന്ത്ര സാമുദായിക സംഘടന എന്ന നിലക്ക് എന്‍എസ്എസ്സിന് ഉണ്ട്. അത് അംഗീകരിക്കാനും ആദരിക്കാനും സിപിഎം നേതൃത്വം മര്യാദ കാണിക്കണം.

അതല്ലാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ തരം താണ ഭാഷയില്‍ എന്‍എസ്എസ്സിനോട് കോടിയേരി പ്രതികരിക്കുന്നത് ശരിയല്ല. കോടിയേരിയുടെ പ്രതികരണം അങ്ങേയറ്റം ധാര്‍ഷ്ട്യവും ധിക്കാരവുമാണ്.

കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തില്‍ സാമുദായിക സംഘടനകള്‍ക്ക് വളരെ വലിയ പങ്കാണ് എക്കാലത്തും ഉള്ളത്. അതിനെ തള്ളിപ്പറയാനോ കുറച്ചുകാണാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമില്ല. നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ എന്‍എസ്എസിന്റെ പങ്ക് നിർണായകവും നിയാമകവുമാണ്. രാഷ്ട്രീയആവശ്യങ്ങൾക്കായി പലയവസരങ്ങളിലും സാമുദായിക സംഘടനകളുടെയും നേതാക്കളുടെയും പിന്തുണ തേടിയിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനുള്‍പ്പെടെയുള്ളത്.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയത് എന്‍എസ്എസിന്റെ കൂടി പിന്തുണ നേടിയും ആയിരുന്നു എന്നത് സഖാക്കള്‍ മറന്നു പോവരുത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായിയും കോടിയേരിയും എന്‍എസ്എസുള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ പിന്തുണയ്ക്കായി സമീപിച്ചിരുന്നു എന്നതോര്‍ക്കണം. തലസ്ഥാനത്തെ ഒരു സിപിഎം നേതാവിന് കാലൊടിഞ്ഞു പരിക്കേറ്റു നടക്കാനാവാതെയായതു തിരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി പെരുന്നയിലെ പടി കയറുമ്പോഴായിരുന്നല്ലോ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *