സീറ്റ് വീതംവയ്പ്പില്‍ ധാരണ; ബി.ജെ.പിയും ശിവസേനയും കൈകോര്‍ത്തു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ശിവസേനയുടെ മൂന്നു വര്‍ഷത്തോളം നീണ്ട വിമര്‍ശനങ്ങള്‍ക്കു താത്ക്കാലിക വെടിനിര്‍ത്തല്‍. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശിവസേനയും ബിജെപിയും ഒരുമിച്ചു പോരാടും. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തി. അമിത് ഷായും ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്.

മഹാരാഷ്ട്രയില്‍ ശിവസേന 23 ഉം ബിജെപി 25 ഉം സീറ്റുകളിലേക്കു മല്‍സരിക്കാന്‍ ധാരണയായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും ഒരുമിച്ചു പോരാടുമെന്നും ഫട്‌നവിസ് പ്രതികരിച്ചു. ഈ വര്‍ഷം തന്നെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഇരു കക്ഷികളും സീറ്റുകള്‍ തുല്യമായി വീതം വച്ചു മല്‍സരിക്കാനും തീരുമാനമായി

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ മഹാരാഷ്ട്രയില്‍നിന്നാണ് – 48 പേര്‍. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി 26 ഉം ശിവസേന 22 ഉം സീറ്റുകളിലാണു മല്‍സരിച്ചത്. മൂന്നു പതിറ്റാണ്ടായി തുടര്‍ന്ന ബിജെപി- ശിവസേന സഖ്യം 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉലഞ്ഞത്

സീറ്റ് വിഭജനത്തില്‍ ധാരണയില്ലാതെ ഇരു പാര്‍ട്ടികളും സഖ്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടു. അന്ന് 288 നിയമസഭാ സീറ്റുകളില്‍ 123 ഉം ബിജെപി നേടി. ശിവസേനയ്ക്കു കിട്ടിയത് ആകെ 63 സീറ്റുകള്‍ മാത്രം. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സഖ്യം രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന ശക്തമായ വിമര്‍ശനം ഉയര്‍ത്തിയതോടെ ഇക്കുറി സഖ്യ സാധ്യതകള്‍ മങ്ങിയിരുന്നു. എന്നാല്‍ ബിജെപി ഇടപെടലിന് ശിവസേന വഴങ്ങുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *