വിഴിഞ്ഞം തുറമുഖം 2020 ഒക്ടോബറില്‍

തിരുവനന്തപുരം: നിശ്ചയിച്ചിരുന്നതിലും പത്തുമാസം വൈകി വിഴിഞ്ഞം തുറമുഖം അടുത്ത ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യും. ഓഖി ദുരന്തവും പാറയുടെ ദൗര്‍ലഭ്യവുമാണ് പദ്ധതി നീളാന്‍ കാരണമായതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് ഷാ അറിയിച്ചു. കരാര്‍ പ്രകാരം ഇക്കൊല്ലം ഡിസംബര്‍ നാലിനായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായുള്ള റെയില്‍പ്പാത 2022-ല്‍ പൂര്‍ത്തിയാകും

800 മീറ്റര്‍ വരുന്ന ജെട്ടിയുടെ 98 ശതമാനം പണികളും പൂര്‍ത്തിയായി. ആവശ്യമായ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഓഖി ചുഴലിക്കാറ്റില്‍ പ്രധാന നിര്‍മാണ ഭാഗങ്ങളൊക്കെ നശിച്ചു. ഇത് പുനര്‍നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഏറെ സമയമെടുത്തു. അത് ഇപ്പോഴും തുടരുകയുമാണ്. നിര്‍മാണം വൈകാന്‍ കാരണമിതാണ്. പാറ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 21 പാറമടകള്‍ക്ക് പാരിസ്ഥിതികാനുമതിയുള്‍പ്പെടെ നടപടികളായി. വൈകാതെ പാറ കിട്ടിത്തുടങ്ങും.

തുറമുഖത്തേക്കുള്ള റെയില്‍വേ ലൈന്‍ 2022-ല്‍ സാധ്യമാകുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ഡോ. ജയകുമാര്‍ അറിയിച്ചു. കൊങ്കണ്‍ റെയില്‍വേ സമര്‍പ്പിച്ച കരടുപദ്ധതി പരിശോധിച്ചുവരികയാണ്. 930 കോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ 10.7 കിലോമീറ്റര്‍ തുരങ്ക പാതയായിരിക്കും. തുറമുഖ പ്രദേശത്തിനു പുറത്തുള്ള അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിലൂടെ സാധ്യമാക്കാവുന്ന വ്യാവസായിക- സാമൂഹിക വികസനത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി ഏകദിന സമ്മേളനം നടത്തുന്നു. ഫെബ്രുവരി 18ന് പകല്‍ പത്തു മുതല്‍ ആറുവരെ ടാജ് വിവാന്തയിലാണ് പരിപാടി.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടന ചടങ്ങിലും ശശി തരൂര്‍ എം.പി. സമാപന ചടങ്ങിലും മുഖ്യാതിഥികളാകും. തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, നെതര്‍ലാന്‍ഡ്സ് കോണ്‍സല്‍ ജനറല്‍ ഗെര്‍ട്ട് ഹെജ്കൂപ്പ്, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ.മാത്യു, കൊച്ചിന്‍ ഷിപ് യാര്‍ഡ് സിഎംഡി മധു എസ്. നായര്‍, വേള്‍ഡ് ബാങ്ക് മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. വിനോദ് തോമസ്, അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ സന്ദീപ് മേത്ത, ജുറോങ്- സിംഗപ്പൂര്‍ സീനിയര്‍ ഡയറക്ടര്‍ വൂയ് ലിയോങ് ടാന്‍, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ റിസര്‍ച്ച് അസോസിയേറ്റ് ഫഗുന്‍ രാജ്കോട്ടിയ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഇവന്റ് പാര്‍ട്ണറും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പ്രധാന പ്രായോജകരുമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി ഡോ. ജയകുമാര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് ഝാ, ക്യാപ്പിറ്റല്‍ സിറ്റി ഡവലപ്‌മെന്റ് പ്രൊജക്ട് കണ്‍വീനര്‍ ടി. ബാലകൃഷ്ണന്‍, സിഐഐ സിരുവനന്തപുരം സോണല്‍ ചെയര്‍മാന്‍ എം.ആര്‍.നാരായണന്‍, സ്റ്റേറ്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ പി. ഗണേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *