പാക്കിസ്ഥാനുള്ള അഭിമതരാജ്യ പദവി ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ നീക്കം. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാക്കിസ്ഥാനെതിരെ നിലപാട് ശക്തമാക്കാന്‍ രാജ്യാന്തര സമൂഹത്തോട് ആഹ്വാനം ചെയ്തതിനു പിന്നാലെ വ്യാപാര രംഗത്തും ഇന്ത്യ ‘പടയൊരുക്കം’ ശക്തമാക്കി. ഇതിന്റെ ആദ്യപടിയായി പാക്കിസ്ഥാനുള്ള അഭിമതരാജ്യ പദവി (മോസ്റ്റ് ഫേവേര്‍ഡ്‌നേഷന്‍ എംഎഫ്എന്‍) ഇന്ത്യ റദ്ദാക്കി.
സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗത്തിനു ശേഷമായിരുന്നു ഇതുസംബന്ധിച്ചു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം.1996ലാണ് പാക്കിസ്ഥാന് അഭിമതരാജ്യ പദവി ഇന്ത്യ നല്‍കുന്നത്. ഇന്ത്യ–പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഈ പദവി നല്‍കിയിട്ടില്ല.പദവിയുടെ ഭാഗമായി പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. ലോകവ്യാപാര സംഘടനാ ചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ ഇനി ഇന്ത്യയ്ക്ക് എത്രവേണമെങ്കിലും വര്‍ധിച്ച കസ്റ്റംസ് തീരുവ ഈടാക്കാം. പാക്കിസ്ഥാനു നല്‍കിയ മറ്റ് ഇളവുകളും ഇല്ലാതായി.
പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ജയ്‌ഷെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഈ പദവി എടുത്തുമാറ്റുന്നതെന്നു ജയ്റ്റ്‌ലി വ്യക്തമാക്കി. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അവര്‍ക്കു സഹായം ലഭ്യമാക്കിയവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജയറ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടപെടലും നടത്തും. നയതന്ത്രതലത്തില്‍ ഇതിനുവേണ്ട എല്ലാ ശ്രമങ്ങളും തുടരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *